നിപ: യുവാവിന്റെ ആരോഗ്യ നിലയിൽ പുരോഗതി; എട്ടാമത്തെ ആളിന്റെ പരിശോധന ഫലം ഇന്ന്

കൊച്ചി: നിപ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ട്. ഇന്നലെ വിദ്യാർത്ഥി ബന്ധുക്കളുമായി ഇന്‍റർകോം വഴി സംസാരിച്ചിരുന്നു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കളമശ്ശേരി മെഡിക്കൽ കോളെജിലെ ഐസോലേഷൻ വാർഡിൽ കഴിയുന്ന അവസാനത്തെയാളുടെ പരിശോധന ഫലം ഇന്ന് ലഭ്യമാകും. കഴിഞ്ഞ ദിവസങ്ങളിൽ ഐസോലേഷൻ വാർഡിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കും നിപ വൈറസ് ബാധയില്ലെന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ വ്യക്തമായിരുന്നു.

പരിശോധനാ ഫലം വരാനിരിക്കുന്ന എട്ടാമത്തെ ആളിന്‍റെ കാര്യത്തിലും ആശങ്ക വേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രതീക്ഷ. ആശങ്ക ഒഴിയുകയാണെങ്കിലും പ്രതിരോധത്തിലുള്ള മുൻകരുതൽ ഒട്ടും കുറയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വൈറസിന്‍റെ ഇൻക്യുബേഷൻ പീരീഡ് കഴിയുന്നതുവരെ ജാഗ്രതയോടെയിരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് ജൂലൈ മാസം പകുതി വരെ നിപയ്ക്കെതിരെ ആരോഗ്യവകുപ്പ് അതീവജാഗ്രത തുടരും. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ആരോഗ്യ വകുപ്പ് തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോഴും യുദ്ധകാല അടിസ്ഥാനത്തിൽ തുടരുന്നു.

നിലവിൽ 316 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധൻ കേരളത്തിലെ നിപ വൈറസ് ബാധയെക്കുറിച്ച് അവലോകന യോഗം നടത്തി. കേരളത്തിൽ സന്ദർശനം നടത്തിയ വിദഗ്‌ധ സംഘം മന്ത്രിക്ക് റിപ്പോർട്ട് നൽകി.

കൂടുതൽ കേന്ദ്രസഹായം തേടി ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഇരുവരും ചർച്ച ചെയ്യും. കോഴിക്കോട് റീജണൽ വൈറോളജി ലാബ് വേണമെന്ന ആവശ്യം കെ കെ ശൈലജ വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കും. കോഴിക്കോട് ലാബിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ലെന്നും കൂടുതൽ തുക വേണമെന്നും ആരോ​ഗ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിക്കും. വൈറോളജി ലാബ് രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കാനാണ് ശ്രമമെന്നും കെ കെ ശൈലജ പറഞ്ഞു.

കേരളം സന്ദർശിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അടിയന്തര സാഹചര്യം ഉണ്ടായാൽ സംസ്ഥാനത്തെത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു.