പോലീസിലെ രാഷ്ട്രീയ അതിപ്രസരം നിയന്ത്രിക്കാനുള്ള ചട്ടം ഫയലില്‍ ഉറങ്ങുന്നു

തിരുവനന്തപുരം: പോലീസിനെ രാഷ്ട്രീയ വിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് ഉണ്ടാക്കിയ പോലീസ് ആക്ടിലെ ചട്ടം അട്ടിമറിച്ചു.  അട്ടിമറിക്ക് പിന്നില്‍ പോലീസ് സംഘടനകളാണെന്നാണ് ആരോപണം.  ആക്ട് നിലവില്‍ വന്ന് ഏഴ് വര്‍ഷമായിട്ടും ഇതുവരെ നിയമമായിട്ടില്ല.

2011ലെ പോലീസ് ആക്ട് അനുസരിച്ച് പൊലീസ് അസോസിയേഷനുകള്‍ രൂപീകരിക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ കരട് ചട്ടം പാസ്സാക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ തയ്യാറായില്ല. അസ്സോസിയേഷനുകളെ നിയന്ത്രിക്കാന്‍ ചട്ടം 20ലുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിനുകാരണം.

യാതൊരു വിധത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷമായ പരോക്ഷമായോ പങ്കെടുക്കാനോ ബന്ധപ്പെടാനോ പാടില്ല എന്നുള്ളതാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ഡിജിപിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളെ കാണാനോ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനോ പാടില്ല.  അസോസിയേഷന്‍ സമ്മേളനം ഒറ്റദിവസത്തില്‍ കൂടുതല്‍ പാടില്ല.  ഭാരവാഹികളുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ കൂടരുത് എന്ന് തുടങ്ങിയവയും ഈ ചട്ടത്തിലുണ്ട്.