പാന്‍മസാല വില്‍പ്പനയ്ക്ക് അനുമതി നല്‍കി ഇടതുസര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത പാന്‍മസാല ഉല്‍പന്നങ്ങള്‍ക്ക് പിന്‍വാതിലിലൂടെ ലൈസന്‍സ് നല്‍കി ഇടതു സര്‍ക്കാര്‍. പാന്‍രാജ് എന്ന പേരിലുള്ള പാന്‍മസാലയ്ക്ക് അനുമതി നല്‍കിയാണ് ഇടത് സര്‍ക്കാര്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നത്.

ഡല്‍ഹി ആസ്ഥാനമായുള്ള ശിവം ബീറ്റില്‍നട്ട് എന്ന സ്ഥാപനത്തിന്റെ പാന്‍രാജ് എന്ന ഉല്‍പ്പന്നത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ നിയമം മറികടന്ന് അനുമതി നല്‍കിയിരിക്കുന്നത്. നിയമലംഘനത്തിന് പ്രത്യുപകാരമായി മുഖ്യധാരമാധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യം ഉറപ്പാക്കിയാണ് സിപിഎം നേതാക്കളുടെ കള്ളക്കളി. പാന്‍രാജ് എന്ന ഈ ഉല്‍പന്നത്തെ നിയമവിധേയമാക്കുന്നതിന്റെ ഭാഗമായി പാന്‍രാജ്കേരള എന്ന പേരില്‍ ഈ കമ്പനി വെബ്സൈറ്റും തുറന്നിട്ടുണ്ട്. ഈ ഉല്‍പന്നത്തിന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് അനുമതി നല്‍കിയത് സംബന്ധിച്ച രേഖയും വെബ്സൈറ്റിലുണ്ട്.

കാന്‍സര്‍ ഉള്‍പ്പെടെ ജനിതക രോഗങ്ങള്‍ക്കിടയാക്കുന്ന അടയ്ക്കയാണ് പാന്‍രാജ് എന്ന ഈ ഉല്‍പന്നത്തിന്റെ പ്രധാന ചേരുവയെന്ന് കമ്പനി തന്നെ അവകാശപ്പെടുന്നു. അതേസമയം 2012 മേയ് 25-ന് അടയ്ക്കയും പുകയിലയും ഉള്‍പ്പെടുന്ന പാന്‍മസാല നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പാര്‍ട്ടി സ്ഥാപനങ്ങള്‍ക്ക് കോടികളുടെ വരുമാനമുണ്ടാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഒത്താശയോടെ നിയമലംഘനം നടത്തിയിരിക്കുന്നത്.

കമ്പനിയുടെ പ്രവര്‍ത്തനം മാധ്യമങ്ങളില്‍ വാര്‍ത്ത ആകാതിരിക്കാന്‍ ചാനലിലെ ഉന്നതന്റെ പെട്ടിയെടുപ്പുകാരനായ ഉദ്യോഗസ്ഥന്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായാണ് വിവരം. ഇതിന്റെ ഭാഗമായി പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റ് ഉടമയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇയാളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള പരസ്യം വിതരണം ചെയ്യുന്നത്.
രാകേഷ് കുമാര്‍, ഭഗവതി കുമാര്‍ എന്നിവര്‍ ഡയറക്ടര്‍മാരായി 2013-ല്‍ ഡല്‍ഹി ആസ്ഥാനമായാണ് ശിവം ബീറ്റില്‍നട്ട് എന്ന കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. കമ്പനി പുറത്തിറക്കുന്ന പാന്‍മസാല ഉല്‍പ്പന്നമായ പാന്‍രാജ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന പഠന റിപ്പോര്‍ട്ടുകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

ഇതൊക്കെ അവഗണിച്ചാണ് ഇടത് സര്‍ക്കാര്‍ നിരോധിത പാന്‍മസാലയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങള്‍ക്ക് പരസ്യം ലഭിക്കുമെന്നതിലുപരി കോടികളുടെ ഇടപാട് നടന്നിട്ടുണ്ടോയെന്ന സംശയവും ബലപ്പെടുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് പാന്‍മസാല പൂര്‍ണമായും നിരോധിച്ചത്. ഇതിന്റെ ഭാഗമായി ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് എന്ന കാമ്പയിനിനും തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അട്ടിമറിച്ച് ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിക്ക് ഇടത് സര്‍ക്കാര്‍ പാന്‍മസാല വിതരണം ചെയ്യാന്‍ അനുമതി നല്‍കിയത് കൂടുതല്‍ സംശയങ്ങള്‍ക്കിടയാക്കുകയാണ്.