ഡോക്ടർമാരുടെ സമരം; സംസ്ഥാനത്തെ ഡോക്ടർമാരും പണിമുടക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടർമാർ പശ്ചിമ ബംഗാളിലെ ഡോക്ടർമാരുടെ സമരത്തിന് പിന്തുണയർപ്പിച്ച് പണിമുടക്ക് ആരംഭിച്ചു. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് സംസ്ഥാനത്ത് ഡോക്ടർമാരുടെ പണിമുടക്ക്. പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐ എം എ രാജ്യ വാപക പണിമുടക്ക് നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ നാളെ രാവിലെ ആറു മണി വരെ ഒ പി പ്രവർത്തിക്കില്ല. ഐ സി യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ എന്നിവ പ്രവർത്തിക്കും.

മെഡിക്കൽ കോളജുകളിൽ 10 മുതൽ 11 വരെ ഡോക്ടർമാർ പണിമുടക്കും. അതേസമയം ആർസിസി യിൽ സമരം ഉണ്ടാകില്ല. സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ 10 വരെ ഒ പി മുടങ്ങും. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സർക്കാർ ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.
കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരം നടത്തുന്നത്.

രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പരിബോഹോ മുഖര്‍ജ് എന്ന ഡോക്ടറെയാണ് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഡോക്ടറുടെ അശ്രദ്ധയാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുകയായിരുന്നു. തുടക്കം മുതലേ സമരക്കാര്‍ക്ക് അനുകൂല നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഡോക്ടര്‍മാര്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചര്‍ച്ച നടത്തും. തുറന്ന ചർച്ച എന്ന ഡോക്ടർമാരുടെ ആവശ്യം അംഗീകരിക്കില്ല.