കേരള കോണ്‍ഗ്രസിന് സ്പീക്കർ സാവകാശം നല്‍കും; ചര്‍ച്ച നടത്തും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ സ്പീക്കര്‍ സാവകാശം നല്‍കും. കക്ഷിനേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശംതേടി റോഷി അഗസ്റ്റിന്‍ എം.എല്‍.എ. സ്പീക്കര്‍ക്ക് കഴിഞ്ഞ ദിവസം കത്തുനല്‍കിയിരുന്നു. ജോസഫ് വിഭാഗവും ഇത് സംബന്ധിച്ച് സ്പീക്കര്‍ കത്ത് നല്‍കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ സാവകാശം നല്‍കിയത്. പാര്‍ട്ടി എംഎല്‍എമാരുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ചര്‍ച്ച നടത്തും.

എത്ര ദിവസമാണ് സാവകാശം നല്‍കുക എന്നത് പിന്നീട് അറിയിക്കും. ജൂണ്‍ മാസം ഒമ്പതിന് മുമ്പ് കക്ഷി നേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്നായിരുന്നു സ്പീക്കര്‍ നേരത്തെ നല്‍കിയ നിര്‍ദേശം. എന്നാല്‍ ചെയര്‍മാനെ തിരഞ്ഞെടുത്തതിന് ശേഷമേ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാന്‍ സാധിക്കുകയുള്ളുവെന്നും അതിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. 15 ദിവസത്തെ സാവകാശമാണ് സ്പീക്കറോട് തേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സീനിയോറിറ്റി അനുസരിച്ച് പദവികൾ പങ്കിടുന്നതിന് ജോസഫ് മാണി വിഭാഗങ്ങൾ ഫോര്‍മുലയും തയ്യാറാക്കിയിട്ടുണ്ട്. പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പിജെ ജോസഫിനെ പരിഗണിക്കാമെന്നും പാര്‍ട്ടി ചെയര്‍മാൻ സ്ഥാനം മാണി വിഭാഗത്തിന് വേണമെന്നുമാണ് ജോസ് കെ മാണിക്കൊപ്പം നിൽക്കുന്ന മാണി വിഭാഗത്തിന്‍റെ ഒത്തു തീര്‍പ്പ് ഫോര്‍മുല.

കെഎം മാണിയുടെ മരണത്തോടെ പാര്‍ട്ടി ചെയര്‍മാൻ ഇല്ലാതായ കേരളാ കോൺഗ്രസിൽ പിന്നെ പാര്‍ട്ടിയെ നയിക്കേണ്ടത് വൈസ് ചെയര്‍മാനായ താനാണെന്നാണ് പിജെ ജോസഫ് ആവര്‍ത്തിക്കുന്നത്. പാര്‍ലമെന്‍ററി നേതൃസ്ഥാനം പിജെ ജോസഫിന് നൽകാമെന്ന മാണി വിഭാഗത്തിന്‍റെ നിര്‍ദ്ദേശത്തോട് ജോസഫ് വിഭാഗം അനുകൂലമായാണ് പ്രതികരിക്കുന്നത്. എന്നാൽ ചെയര്‍മാൻ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് പാര്‍ട്ടിയിലെ സീനിയോരിറ്റി തന്നെയാകണമെന്ന അഭിപ്രായവും ഒത്തു തീര്‍പ്പ് ചര്‍ച്ചക്ക് മുൻപെ പിജെ ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്നുണ്ട്. മുൻ വിധിയില്ലാത്ത ചർച്ചക്ക് തയ്യാറാണെന്നും പിജെ ജോസഫിന്‍റെയും സിഎഫ് തോമസിന്‍റെയും സീനിയോറിറ്റി അംഗീകരിക്കുന്ന തീരുമാനമുണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.