തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ശബരിമല പ്രശ്നത്തിലും എൽ.ഡി.എഫ് കുലുങ്ങിയില്ല; സീറ്റുകളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ അവസാനിച്ചു . എൽഡിഎഫ് ഇരുപത്തിരണ്ടും യുഡിഎഫ് പതിനാറും ബിജെപി രണ്ടും SDPI രണ്ടും സീറ്റുകൾ നേടി

തിരുവനന്തപുരം നഗരസഭയിൽ കിണാവൂർ വാർഡ് യുഡിഎഫ് നിലനിർത്തി. കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്തും യുഡിഎഫ് വിജയിച്ചു. വളാഞ്ചേരി നഗരസഭ 28ആം ഡിവിഷൻ യുഡിഎഫ് നിലനിർത്തി, മുസ്‌ലിം ലീഗിലെ ഫാത്തിമ നസിയയാണ് 55 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചത്.

അടിമാലി പഞ്ചായത്ത് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി മഞ്ജു ബിജു വിജയിച്ചു. പത്തംതിട്ട നഗരസഭയിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് വിമതൻ നേടി. ഇടുക്കി കൊന്നത്തടി മുനിയറ നോർത്ത് സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു; യുഡിഎഫ് സ്ഥാനാർഥി ബിനോയ് മാത്യു 194 വോട്ടിന് വിജയിച്ചു.

ആലപ്പുഴ കാവാലം പഞ്ചായത്ത് പത്താംവാർഡ് എൻഡിഎ സ്ഥാനാർഥി അജിതകുമാരി വിജയിച്ചു. മലപ്പുറം അമരമ്പലം പഞ്ചായത്ത് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു; എൽഡിഎഫിലെ അനിത രാജു 146 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

തൃശ്ശൂരിൽ അഞ്ചിടങ്ങളിലും എൽഡിഎഫ് വിജയം. നാലിടത്തും എൽഡിഎഫ് സീറ്റ് നില നിർത്തി. പറപ്പൂക്കരയിൽ ബിജെപിയിൽ നിന്നും എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു.