ഉപതിരഞ്ഞെടുപ്പ് ഫലം: ബി.ജെ.പി അജണ്ട ജനങ്ങൾ തള്ളി; നേട്ടം എൽഡിഎഫിന്

ബാലു ശങ്കർ

തിരുവനന്തപുരം: സാധാരണ ഉപതെരെഞ്ഞെടുപ്പ് ഫലം കേരളത്തിൽ വലിയ ചർച്ചയാകാറില്ല. ന്യായീകരണ തൊഴിലാളികൾ അവരവരുടെ പാർട്ടികളുടെ ജയം ആഘോഷിക്കുകയും തോൽവിക്ക് ന്യായീകരണം കണ്ടെത്തുകയും ചെയ്യും. അത്ര മാത്രം. എന്നാൽ ഈ തെരെഞ്ഞുപ്പ് ഫലം അങ്ങനെ തള്ളിക്കളയാൻ രാഷ്ട്രീയ നിരീക്ഷകർക്ക് കഴിയില്ല. ഉപതിരഞ്ഞെടുപ്പ് നടന്ന സവിശേഷ രാഷ്ട്രീയ സാഹചര്യം തന്നെയാണ് കാരണം. ശബരിമല വിഷയം ഉയർത്തി ബി.ജെ.പിയും യു.ഡി.എഫും എൽ.ഡി.എഫ് സർക്കാരിനെതിരെയും പ്രത്യേകിച്ച് പിണറായി വിജയനെയും ആകമിക്കുന്ന സാഹചര്യത്തിലാണ്.

അതോടൊപ്പം കേരളത്തിലെ വിശ്വാസികൾ മുഴുവൻ സർക്കാരിനെതിരെ തിരിഞ്ഞുവെന്ന പ്രചാരണം നടക്കുന്ന സമയവും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.വൻനേട്ടമുണ്ടാക്കുമെന്ന് ബി.ജെ.പി.കേന്ദ്രങ്ങൾ പ്രചാരണം അഴിച്ച് വിട്ടു കൊണ്ടിരിക്കുകയുമാണ്. കോൺഗ്രസ്സാകട്ടെ ബി.ജെ.പി.യെക്കാളും വലിയ വിശ്വാസ സംരക്ഷകരായി രംഗത്ത് വരികയും ചെയ്തു. കേരളത്തിലെ ബഹുഭൂരിപക്ഷം വിശ്വാസികളും മത വ്യത്യാസമില്ലാതെ കോൺഗ്രസിനൊപ്പം നിൽക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും വിശ്വാസ പ്രക്ഷോഭത്തെ കേരള ജനത തള്ളിക്കളഞ്ഞു വെന്നാണ് പുറത്ത് വന്ന ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

എൽ.ഡി.എഫിനെതിരെ ബി.ജെ.പിയും കോൺഗ്രസ്സും ഒന്നിച്ച് നിന്ന് പേരാടിയിട്ടും എൽ.ഡി.എഫ്. നില മെച്ചപ്പെടുത്തി. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളടക്കം ഉപതിരഞ്ഞെടുപ്പ് നടന്നതിൽ ഉൾപ്പെടും. എന്നാൽ ഇത്തവണ ഒരു സീറ്റ് കൂടുതൽ നേടിയാണ് എൽ.ഡി.എഫ് കരുത്ത് കാട്ടിയത്. തൃശൂര്‍ ജില്ലയിലെ ബി.ജെ.പി സിറ്റിംഗ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു. കോൺസ്സിന്റെ 15 സിറ്റിംഗ് സീറ്റുകൾ 13 ആയി കുറഞ്ഞു. കോൺഗ്രസിലെ വിശ്വാസികളെല്ലാം ബി.ജെ.പിയിലേക്ക് ഒഴുകുമെന്നതും പ്രചാരണത്തിൽ മാത്രമായി ഒതുങ്ങി.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി വൻ നേട്ടമുണ്ടാക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാദം എന്നാൽ ഇത് ജനങ്ങൾ പാടെ തള്ളി. ആലപ്പുഴയിൽ രണ്ട് യു.ഡി.എഫ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു. ഇത് ബി.ജെ.പിയുടെ വിജയമായി കരുതാനാവില്ല അത് ബി.ഡി.ജെ.എസിന്റെ വിജയം മാത്രമാണ്. തൃശൂരിൽ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് സി.പി.ഐ.എം പിടിച്ചെടുക്കുകയും ചെയ്തു. ഇത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. പന്തളത്തെ സി.പി.ഐ.എം സിറ്റിംഗ് സീറ്റ് എസ്.ഡി.പി.ഐ പിടിച്ചെടുക്കുകയായിരുന്നു. എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അവിടെ യു.ഡി.എഫാണ് രണ്ടാംസ്ഥാനത്ത്.

കേരളത്തിൽ ശബരിമല വിഷയം ഏറെ ചെർച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പ് കൂടിയായിരുന്നു. ഇത്. വിശ്വാസം വേറെ രാഷ്ട്രീയം വേറെ എന്ന കേരള പാരമ്പര്യം നമ്മൾ ഉയർത്തിപ്പിടികുകയായിരുന്നു. വർഗ്ഗീയ ചേരിതിരിവുകൾ സൃഷ്ടിച്ച് മുതലെടുക്കാൻ നമ്മുടെ മണ്ണ് സമ്മതിക്കില്ല.