കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയോട്

മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സീസണ്‍ നാലില്‍ ഇനി രണ്ടാം പാദ മല്‍സരങ്ങള്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ആദ്യ രണ്ടാം പാദ മത്സരത്തില്‍ ഇന്ന് മുംബൈ ഫുട്‌ബോള്‍ അരീനയില്‍ മുംബൈ സിറ്റി എഫ്.സി.യെ നേരിടും.

കൊച്ചിയില്‍ നടന്ന ആദ്യ പാദത്തില്‍ ഇരുടീമുകളും 1-1നു സമനില പാലിച്ചിരുന്നു. എന്നാല്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചും സാഹചര്യവും മാറിക്കഴിഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ തോല്‍വി അറിയാതയാണ് മുംബൈയ്‌ക്കെതിരെ ഇറങ്ങുന്നത്.

മറുവശത്ത് ഡിസംബര്‍ 17നു എ.ടി.കെയോട് 0-1നു പരാജയപ്പെട്ടതിനു ശേഷം കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മുംബൈയ്ക്ക് തോല്‍വി അറിയേണ്ടി വന്നിട്ടില്ല. നോര്‍ത്ത് ഈസ്റ്റിനെതിരെ 2-0നും ഡല്‍ഹി ഡൈനാമോസിനെതിരെ 4-0നും വിജയിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ജാംഷെഡ്പൂരിനെതിരെ നടന്ന മത്സരത്തില്‍ 2-2നു സമനില പങ്കിട്ട ശേഷമാണ് മുംബൈ ഹോം ഗ്രൗണ്ടില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരിടാന്‍ ഒരുങ്ങിയിരിക്കുന്നത്.

ആദ്യ പാദത്തില്‍ നേരിട്ട കേരള ബ്ലാസ്‌റ്റേഴ്‌സിനെ അല്ല രണ്ടാം പാദത്തില്‍ നേരിടേണ്ടതെന്നും ബ്ലാസ്‌റ്റേഴ്‌സ് വളരെ മാറിയെന്നും മുംബൈ കോച്ച് അലക്‌സാന്ദ്രെ ഗുയിമറെസ് പറഞ്ഞു.

ആദ്യ പാദത്തില്‍ മാര്‍ക്ക് സിഫിനിയോസിന്റെ 14-ാം മിനിറ്റിലെ ഗോളില്‍ മുന്നില്‍ എത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ 77-ാം മിനിറ്റില്‍ ബല്‍വന്ത് സിംഗ് നേടിയ ഗോളിലാണ് മുംബൈ സമനില സ്വന്തമാക്കിയത്.

‘പുതിയ കോച്ച് എല്ലാം മാറ്റിമറിക്കും. വളരെ നിര്‍ണായക ഗെയിമിലാണ് അവര്‍ ജയിച്ചത് (ഡല്‍ഹിക്കെതിരെ), ആ ജയം അവരെ വളരെ സജീവമാക്കിയിട്ടുണ്ട്. അത് ഞങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുകൂടിയാണ് അവര്‍ക്ക് ഒരു ചാന്‍സും നല്‍കരുതെന്നു ഞങ്ങള്‍ക്കറിയാം. പുതിയ വിദേശ കോച്ചിന്റെ കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് വളരെ മാറിയിരിക്കുന്നു. യാത്രകള്‍ ഈ ടീമിനെ കൂടുതല്‍

ഊര്‍ജ്ജസ്വലരാക്കുകയാണ്. അലക്‌സാന്ദ്ര ഗുയിമറെസ് പറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ എത്തിയ പുതിയ കളിക്കാരന്‍ കെസിറോണ്‍ കുസിറ്റോയെയും ഗുയിമാറെസ് പ്രത്യേകം എടുത്തു പറഞ്ഞു. കുസിറ്റോ ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ ജീവിതം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ സീസണ്‍ പാതി വഴി പിന്നിട്ട നിലയില്‍ തന്റെ ടീമില്‍ ഗുയിമറെസ് വളരെ അധികം വിശ്വസം പ്രകടിപ്പിച്ചു.

ഞങ്ങളുടെ നേട്ടം പാതി വഴി പിന്നിടുമ്പോള്‍ പ്ലേ ഓഫ് ഘട്ടത്തിനു അരികിലെത്തുകയാണ്. അതിനു ഞങ്ങള്‍ക്കു കഴിഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്. വളരെ നല്ല നിലയിലേക്കു കാര്യങ്ങള്‍ പുരോഗമിച്ചിരിക്കുന്നു. ഇനി ഈ ലക്ഷ്യം പൂര്‍ത്തിയാക്കണം. ഹോം ഗ്രൗണ്ടില്‍ വരുവാനിരിക്കുന്ന മത്സരങ്ങളില്‍ ആ നേട്ടം കൈവരിക്കാനാകും. വളരെ നല്ല സ്രോതസുകള്‍ ഞങ്ങളുടെ പക്കലുണ്ട്. അതേപോലെ അവസാനം വരെ പൊരുതാന്‍ പ്രാപ്തരായ കളിക്കാരും. ഇവയെല്ലാം ഞങ്ങളെ അവസാന നാല് ടീമുകളില്‍ ഒന്നാക്കും. എനിക്ക് വളരെ ഉറപ്പുണ്ട്. ഗുയിമറെസ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ മുംബൈ സിറ്റി എഫ്.സി ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. കേരള ബ്ലാസറ്റേഴ്‌സ് ഒമ്പത് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റോടെ എഴാം സ്ഥാനത്തും.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വളരെ സംഘടിതമായ പ്രതിരോധനിരയില്‍ വിള്ളല്‍ ഉണ്ടാക്കി തന്റെ ടീം മുന്നേറുന്നതു കാണുവാന്‍ കാത്തിരിക്കുകയാണെന്നും ഗുയിമാറെസ് കൂട്ടിച്ചേര്‍ത്തു.

മുംബൈ ടീമിനു കഴിഞ്ഞ ജാംഷെ്ഡപൂരിനെതിരായ മത്സരത്തിനു ശേഷം നീണ്ട വിശ്രമം ലഭിച്ചിരുന്നു. അത് അവര്‍ക്കു അല്‍പ്പം നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു. ഇക്കാലയളവില്‍ ടീമിന്റെ ഫിസിയോയ്ക്ക് കളിക്കാരെ മത്സരത്തിനു പ്രാപ്തരാക്കി എടുക്കാന്‍ വേണ്ട സമയം ലഭിച്ചു. ബ്ലാസ്‌റ്റേഴ്‌സിനോട് 3-1നു കീഴടങ്ങിയ ഡല്‍ഹിയേക്കാള്‍ വളരെ വ്യത്യസ്തമായ ടീമാണ് മുംബൈ എന്നും. ഇതൊരു വെല്ലുവിളി ആയിരിക്കുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
എറ്റവും പ്രധാനപ്പെട്ടത് ഭയമൊന്നും കാട്ടാതെ വളരെ അച്ചടക്കത്തോടെയാണ് ഒരുങ്ങിയിരിക്കുന്നുവെന്നതാണ്. എറ്റവും നല്ല ഫലം തന്നെ ഞങ്ങള്‍ക്കു ലഭിക്കും. അതിനുവേണ്ടിയാണ് ഞങ്ങള്‍ നാളെ കാത്തിരിക്കുന്നത്. ഡല്‍ഹിയുമായി താരതമ്യം ചെയ്താല്‍ മുംബൈയുടെ കേളീശൈലി വളരെ വ്യത്യാസമാണ്. അതുകൊണ്ടു തന്നെ എതിരാളികളുടെ കേളി ശൈലിക്കനുസരിച്ച് ഞങ്ങള്‍ക്കും മാറേണ്ടിയിരിക്കുന്നു. ഭാഗ്യവശാല്‍ മികച്ച കോച്ചിങ്ങ് സ്റ്റാഫിനെ ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ വളരെ നന്നായി ഒരുങ്ങുവാനു കഴിഞ്ഞു. ഡല്‍ഹിക്കെതിരായ വിജയം വളരെ ആഹ്ലാദകരമായിരുന്നു. എന്നാല്‍ ഇത് മറ്റൊരു ഗെയിമാണ്. ഞങ്ങള്‍ക്കു ചെയ്യാന്‍ കഴിയാതിരുന്ന ചിലതാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഡേവിഡ് ജെയിംസ് പറഞ്ഞു.
രാജ്യമെങ്ങും ആരാധകരുടെ വലിയ പിന്തുണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പടയ്ക്കു ലഭിക്കുന്നത്. മലയാളികള്‍ എറെയുള്ള മുംബൈയിലെ ഫുട്‌ബോള്‍ അരീനയില്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്ന അനുഭവം ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിനു ഇന്ന് ലഭിക്കുക. അതേപോലെ ഈ സീസണ്‍ മുഴുവനും ഈ മികച്ച അന്തരീക്ഷം കേരള ബ്ലാസ്‌റ്റേഴ്‌സിനു കാത്തു സൂക്ഷിക്കേണ്ടതുണ്ട്.