കേന്ദ്രത്തില്‍ ബിജെപി പൊട്ടും, പക്ഷേ കേരളം കിട്ടും: സര്‍വ്വേ ഫലം പുറത്ത്

ഡല്‍ഹി: ഇപ്പോള്‍ പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ കേന്ദ്രത്തില്‍ ബിജെപിക്ക് തിരിച്ചടി ഏല്‍ക്കേണ്ടി വരുമെന്നും എന്നാല്‍ കേരളത്തില്‍ ജയിക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍. ഇന്ത്യാ ടി.വി.-സി.എന്‍.എക്‌സിന്റെ അഭിപ്രായ സര്‍വേഫലമാണ് കേരളത്തില്‍ ബിജെപി നേട്ടമുണ്ടാകുമെന്ന് പറയുന്നത്. 257 സീറ്റാണ് എന്‍.ഡി.എ.യ്ക്ക് പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിനുവേണ്ട 272 സീറ്റില്‍ 15 സീറ്റു കുറവ്.

ഇന്ത്യയിലെ മൊത്തം 543 ലോക്സഭാ മണ്ഡലങ്ങളിലെ വിവിധ വിഭാഗക്കാരിലാണ് സര്‍വേ നടത്തിയത്. കഴിഞ്ഞ ഡിസംബര്‍ 15-നും 25-നും ഇടയില്‍ നടത്തിയ സര്‍വ്വേ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സഖ്യത്തിന് (എസ്.പി.യും ബി.എസ്.പി.യും ഒഴികെ) 146 സീറ്റുകള്‍ ലഭിക്കും. 140 സീറ്റുകള്‍ നേടുന്ന മറ്റു കക്ഷികളുടെ തീരുമാനമായിരിക്കും സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായകം. എന്‍.ഡി.എ.യ്ക്ക് 37.15-ഉം യു.പി.എ.യ്ക്ക് 29.92-ഉം മറ്റെല്ലാവര്‍ക്കും ചേര്‍ന്ന് 32.93-ഉം ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ കണക്കാക്കുന്നു.

അതേസമയം, കേരളത്തില്‍ യു.ഡി.എഫിന് മുന്‍തൂക്കമുണ്ടാകും. കോണ്‍ഗ്രസ്-എട്ട്, മുസ്ലിം ലീഗ്-രണ്ട്, കേരള കോണ്‍ഗ്രസ്(എം)-ഒന്ന്, ആര്‍.എസ്.പി.-ഒന്ന് എന്നിങ്ങനെയാണ് യു.ഡി.എഫ്. സീറ്റുനില. സി.പി.എമ്മിന് അഞ്ചും ബി.ജെ.പി.യ്ക്ക് ഒന്നും സ്വതന്ത്രര്‍ക്ക് രണ്ടും സീറ്റുലഭിക്കും.