ക്വാറന്റീന്‍ ചെലവ് പാവപ്പെട്ടുവര്‍ വഹിക്കേണ്ടി വരില്ല, വിശദാംശങ്ങള്‍ ഉടന്‍, നിത്യം 3000 ടെസ്റ്റിന് ഒരുക്കം

തിരുവനന്തപുരം: വിദേശത്തു നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ ചിലവ് അവരില്‍ നിന്നും ഈടാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് തോന്നുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍വ്വകക്ഷിയോഗത്തിലും ഈ പ്രശ്‌നം വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കും. ക്വാറന്റൈന്‍ ചിലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്ന് അത് ഈടാക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതു സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയിക്കുന്നതാണ്.

വിദേശത്തുള്ള ചില സംഘടനകള്‍ ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി പറയുന്നുണ്ട്. ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്നതിന് സംസ്ഥാനത്തിന് ഒരു വിരോധവുമില്ല. മുന്‍കൂട്ടി വിവരം ലഭിച്ചാല്‍ മാത്രം മതി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാത്തതുകൊണ്ട് ചാര്‍ട്ടര്‍ ചെയ്ത വിമാനം വരുന്നില്ലെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്.
ലോക്ക്ഡൗണില്‍ ഇളവു വന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇന്നത്തെ സര്‍വ്വകക്ഷിയോഗത്തിലും വരികയുണ്ടായി. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട ശേഷം അക്കാര്യം പരിഗണിക്കാമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട് (കേന്ദ്ര സര്‍ക്കാരിന്റെ സമീപനവും ഇതുതന്നെയാണ്). ആരാധനാലയം ആകുമ്പോള്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുക എന്നത് പ്രയാസമായിരിക്കും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അതെല്ലാം തടസ്സമാകും.

സ്രവപരിശോധനയുടെ എണ്ണം കൂട്ടണമെന്ന നിര്‍ദ്ദേശവും സര്‍വ്വകക്ഷിയോഗത്തില്‍ വരികയുണ്ടായി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ടെസ്റ്റ് കിറ്റ് ആവശ്യത്തിന് കിട്ടിയിരുന്നില്ല. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ മൂവായിരം വീതം ടെസ്റ്റ് നടത്താനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്.