കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില മഹാനടി എന്നെ പഠിപ്പിച്ചു: കീര്‍ത്തി സുരേഷ്

അശ്വിന്‍ നാഗിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടോളിവുഡ് ചിത്രം മഹാനടി തകര്‍ത്തോടുകയാണ്. പഴയ കാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന സിനിമയിലെ അഭിനയത്തിന് മലയാളത്തില്‍ നിന്നും തമിഴിലേക്ക് അരങ്ങേറിയ കീര്‍ത്തിയെത്തേടി അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍.എന്നാല്‍, മഹാനടി വെറുമൊരു അഭിനയപാഠമല്ല, ജീവിതപാഠം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കീര്‍ത്തി.

ഒരു വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി ഇങ്ങനെ പറയുന്നു: സാവിത്രിയായി അഭിനയിക്കുക എനിക്ക് എളുപ്പമായിരുന്നില്ല. ഹ്രസ്വമെങ്കിലും സംഭവ ബഹുലമായിരുന്നു അവരുടെ ജീവിതം. അതില്‍ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില ഞാന്‍ അറിയുന്നത്. കരിയറിലും ജീവിതത്തിലും സാവിത്രി ചെയ്ത തെറ്റുകള്‍ ഞാനൊരിക്കലും എന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല-കീര്‍ത്തി പറഞ്ഞു.

സിനിമയെ പ്രേഷകര്‍ മികച്ച നിലയിലാണ് സ്വീകരിച്ചത്. ആളുകള്‍ ഞങ്ങളെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ്. കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ പ്രത്യേകതയുള്ള വേഷമാണ് ചെയ്യാന്‍ പോകുന്നതെന്നെനിക്കറിയാമായിരുന്നു. സാവിത്രി എന്ന ഇതിഹാസത്തിന്റെ റോള്‍ ചെയ്യാന്‍ പറ്റിയതില്‍ അഭിമാനമുണ്ട്. അവരുടെ ജീവീതത്തിലെ കറുത്തകാലം പുനരവതരിപ്പിക്കുവാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നില്ല. എന്നാല്‍ പരിശ്രമ ഫലമായി അതും സാധിച്ചു. ഞാന്‍ അവരെ അനുകരിക്കുകയല്ല, മറിച്ച് എന്റേതായ രീതിയില്‍ അഭിനയിക്കുകയായിരുന്നു- കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.