കത്വ കൂട്ട ബലാൽസംഗക്കേസ്: കോടതിയുടെ വിധി ഇന്നുണ്ടായേക്കും

ദില്ലി: കത്വ കൂട്ട ബലാൽസംഗക്കേസിൽ പ്രത്യേക വിചാരണ കോടതിയുടെ വിധി ഇന്നുണ്ടായേക്കും. ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. എട്ടുപ്രതികൾ കുറ്റക്കാരാണോ എന്നാകും കോടതി വിധി പറയുക.

2018 ജനുവരിയിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച കത്വ കൂട്ട ബലാൽസംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

എട്ട് വയസുകാരിയായ പെണ്‍കുട്ടി പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുമരുന്നുകള്‍ നല്‍കുകയും പെൺകുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. എട്ട് പ്രതികളെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

60 വയസുകാരനായ സഞ്ജി റാം, സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയയും സുരെന്ദർ വെർമയും, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, പർവേഷ് കുമാർ, സഞ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ വിശാല എന്നിവരാണ് കുറ്റാരോപിതർ.