റംസാന്‍ പ്രമാണിച്ച് ജമ്മുകാശ്മീരില്‍ സൈനിക നടപടികള്‍ നിര്‍ത്തിവച്ചു

ഡല്‍ഹി: ഇന്നു മുതല്‍ ജമ്മുകാശ്മീരില്‍ സൈനിക നടപടികള്‍ നിര്‍ത്തി വയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.  റംസാന്‍ പ്രമാണിച്ചാണ് സൈനിക നടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.  ഇതിനിടെ സൈനികര്‍ക്കു നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കും. എന്നാല്‍ റംസാന്‍ വ്രതാനുഷ്ഠാനത്തിനു ഭംഗം വരുത്താത്ത രീതിയില്‍ സമാധാനാന്തരീക്ഷത്തില്‍ ആയിരിക്കണം എല്ലാ സൈനിക നടപടികളുമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

റംസാന്‍ മാസത്തില്‍ വെടിനില്‍ത്തല്‍ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ടു ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി ആഭ്യന്തരമന്ത്രിയ്ക്കു കത്തു നല്‍കിയിരുന്നു.  സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ സന്തോഷമുണ്ടെന്ന് മെഹബുബ പ്രതികരിച്ചു.