രാജി വെയ്ക്കാൻ തയ്യാറാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര

ബെംഗളൂരു: താൻ രാജി വെയ്ക്കാൻ തയ്യാറാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് പരമേശ്വര അറിയിച്ചു. ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേതൃമാറ്റമില്ലാതെ പ്രശ്‌നം പരിഹരിക്കുമെന്നും കൂടിക്കാഴ്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ കോണ്‍ഗ്രസിന്റെ എല്ലാ മന്ത്രിമാരുമായും പരമേശ്വര ചര്‍ച്ച നടത്തുന്നുണ്ട്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുക്കും. വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍, നിലവിലെ മന്ത്രിമാരില്‍ ചിലരോട് കോണ്‍ഗ്രസ് രാജി ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാമലിംഗ റെഡ്ഡി, എസ്. ടി സോമശേഖര്‍, ബി. സി പാട്ടീല്‍ എന്നിവര്‍ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തട്ടുണ്ട്. മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയും എച്ച്. ഡി ദേവഗൗഡയും കോണ്‍ഗ്രസ് നേതാക്കളുമായി ഇന്നലെ അര്‍ധരാത്രി വരെ ചര്‍ച്ച നടത്തിയിരുന്നു. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറെന്ന് കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.

ഭരണം നിലനിര്‍ത്താന്‍ എന്ത് വീട്ടുവീഴ്ച വേണമെങ്കിലും ചെയ്യാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മന്ത്രിമാരെ മുഴുവന്‍ രാജിവെപ്പിക്കാന്‍ പോലും തയ്യാറാണെന്നാണ് നേരത്തെ പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിമതരെ ഉള്‍പ്പെടുത്തി സമ്പൂര്‍ണ മന്ത്രിസഭ വികസനം ആവശ്യമാണെങ്കില്‍ രാജി സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് മന്ത്രിമാര്‍ അറിയിച്ചതായാണ് അദ്ദേഹം പറയുന്നത്. നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് മന്ത്രി യു ടി ഖാദര്‍ പ്രതികരിച്ചിട്ടുണ്ട്. അതേസമയം, സര്‍ക്കാരിനെ താഴെയിടാന്‍ ബിജെപി ശ്രമിക്കുകയാണെന്നും വിമത എം എൽ എമാരുമായി ഗവർണർ രണ്ട് മണിക്കൂറോളം ചർച്ച നടത്തിയത് ദുരൂഹം ആണെന്നും ജി പരമേശ്വര ആരോപിച്ചിരുന്നു.