കുമാരസ്വാമി രാജി വെച്ചേക്കും; കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടായേക്കും

ബെംഗളൂരു: കര്‍ണാടകയിലെ സ്ഥിതി രൂക്ഷമായ നിലയിൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെച്ചേക്കും. 16 കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജി വെച്ച സാഹചര്യത്തിലാണ് കുമാരസ്വാമി രാജിവെക്കുന്നതെന്നാണ് സൂചന. വിധാന്‍സൗധയിലെ പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്നാണ് വിവരം.

ജെ.ഡി.എസ് പിന്തുണയോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളും തുടങ്ങിയെന്നാണ് വിവരങ്ങള്‍. സര്‍ക്കാരുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്ന് ജെ.ഡി.എസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നാല്‍ വിമതര്‍ തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുനത്.

ജൂണ്‍ പത്തിന് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചിരുന്നു.

അതേസമയം തങ്ങളുടെ രാജി സ്വീകരിക്കാത്ത കര്‍ണാടക സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കോടതി ഇന്ന് പരിഗണിക്കും.

രാജി സ്വീകരിക്കാൻ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സ്പീക്കര്‍ക്ക് രാജിക്കത്ത് നൽകിയ പത്ത് എംഎൽഎമാരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

കുമാരസ്വാമിയുടേത് അഴിമതി ഭരണമാണെന്നും, നിയമസഭ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാൻ കുമാരസ്വാമി തയ്യാറാകുന്നില്ലെന്നും ഹര്‍ജിയിൽ എംഎൽഎമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അയോധ്യ കേസിന് ശേഷമാകും കര്‍ണാടകത്തിലെ വിമത എംഎൽഎമാരുടെ ഈ ഹര്‍ജി പരിഗണിക്കുക.