കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധി; രാജി വെച്ച എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍

ബെംഗളൂരു: കർണാടകത്തിൽ പ്രതിസന്ധി സൃഷ്ടിച്ച് രാജിവച്ച പത്ത് എം.എല്‍.എമാരും മുംബൈയിലെ ഹോട്ടലില്‍ തുടരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ മുംബൈയിലെത്തിയ എം.എല്‍.എമാര്‍ മുംബൈയിലെ സോഫിടെല്‍ ഹോട്ടലിലാണ് താമസം. മൂന്ന് പേർ ബെംഗളൂരുവിലാണ് ഉള്ളത്. ഇവരെ അനുനയിപ്പിക്കാൻ കോൺഗ്രസ്, ജെഡിഎസ് നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങിയിട്ടില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബെംഗളൂരുവിൽ തുടരുകയാണ്. അതിനിടെ യു.എസ്. സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഞായറാഴ്ച ബെംഗളൂരുവിലെത്തും.

കര്‍ണാടകയിലെ 13 ഭരണകക്ഷി എം.എല്‍.എമാര്‍ അപ്രതീക്ഷിതമായി രാജിസമര്‍പ്പിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. കോണ്‍ഗ്രസ്-ജെ.ഡി.എസ്. എം.എല്‍.എമാര്‍ കഴിഞ്ഞദിവസം സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജിസമര്‍പ്പിച്ചത്.

രാജിവച്ച മുൻ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ സി വേണുഗോപാൽ കൂടിക്കാഴ്ച നടത്തി. സമ്പൂർണ മന്ത്രിസഭാ പുനഃസംഘടന റെഡ്ഡി ആവശ്യപ്പെട്ടെന്നാണ് സൂചന. ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കയിൽ നിന്ന് ഇന്ന് രാത്രി തിരിച്ചെത്തും. എന്നാൽ ജൂലൈ 12ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് വിമതരെ ഉൾപ്പെടുത്തി മന്ത്രിസഭാ പുനഃസംഘടിപ്പിക്കണമെന്ന ആലോചന സജീവമാണ്.