കര്‍ണാടക സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്; 11 എംഎല്‍എമാര്‍ കൂടെ രാജിക്കൊരുങ്ങുന്നു

ബെംഗളൂരു: കര്‍ണാടകയിൽ സർക്കാർ രൂക്ഷ പ്രതിസന്ധിയിലേക്ക്. 11 എംഎല്‍എമാര്‍ സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും മൂന്ന് ജെ.ഡി.എസ് അംഗങ്ങളും സ്പീക്കറുടെ ഓഫീസിലെത്തി. രാജിയുണ്ടായാല്‍ കേവലം രണ്ട് സീറ്റുകള്‍ക്കു മാത്രം ഭരണം കൈയിലുള്ള കോണ്‍ഗ്രസിനും ജെ.ഡി.എസിനും അതു നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ പുതിയ എം.എല്‍.എമാരെ ഒപ്പംചേര്‍ത്ത് 105 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഭരണത്തിലേറാന്‍ സാധിക്കും.

നേരത്തേ കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിങ് രാജിവെച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് ഭരണത്തെ പ്രതിസന്ധിയിലാക്കി കൂടുതല്‍പ്പേര്‍ രാജിവെയ്ക്കാനൊരുങ്ങുന്നത്. എന്നാല്‍ ആരും രാജിവെയ്ക്കില്ലെന്നും ഈ 11 പേരെയും താന്‍ കാണാന്‍ പോകുകയാണെന്നും മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച്.വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്പീക്കറെ കാണാന്‍ എത്തിയത്‌.

പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അതിനാല്‍ രാജിവയ്ക്കുകയാണെന്ന്‌ രാമലിംഗ റെഡ്ഡി അറിയിച്ചു. മകളും കോണ്‍ഗ്രസ് എംഎല്‍എയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നു. മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡി സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.

അതിനിടെ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ഡി.കെ ശിവകുമാര്‍ എന്നിവര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും നേതാക്കളുടെയും യോഗം വിളിച്ചുചേര്‍ത്തു.

സമവായ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. 15 എംഎല്‍എമാര്‍ രാജിവച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.