ബിജെപി നേതാക്കള്‍ വീണ്ടും ഗവര്‍ണറെ കണ്ടു; നാളെത്തന്നെ സത്യപ്രതിജ്ഞയെന്ന് യെദ്യൂരപ്പ

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കിയെന്ന അവകാശവാദവുമായി ബിജെപി നേതാവ് യെദ്യൂരപ്പ. രാജ്ഭവനില്‍ ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളെ കാണവെയാണ് യെദ്യൂരപ്പ മന്ത്രിസഭാ രൂപീകരണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയെന്ന് അറിയിച്ചത്. തങ്ങള്‍ക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയുമെന്ന് ഗവര്‍ണറെ ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പറഞ്ഞു.

അതേസമയം, മന്ത്രിസഭ രൂപീകരണത്തെ സംബന്ധിച്ച് ഗവര്‍ണര്‍ വാജുഭായ് വാലയുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി യാതൊരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല. ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമന്ന് കോണ്‍ഗ്രസിന്റെ പ്രചരണ സമിതി തലവന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു.

അതേസമയം സർക്കാർ രൂപീകരണ നീക്കത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. മുഴുവൻ എംഎൽഎമാരും എത്താത്തതിനാൽ മണിക്കൂറുകൾ വൈകിയാണ് കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നത്. യോഗത്തിൽ സിദ്ധരാമയ്യയ്ക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ നയിച്ചാൽ പാർട്ടി വൻപരാജയം നേരിടുമെന്ന് ഒരു വിഭാഗം വിമർശിച്ചു.

ജെഡിഎസിനുള്ള പിന്തുണ കത്തിൽ 2 കോൺഗ്രസ് എംഎൽഎമാർ ഇതുവരെ ഒപ്പിട്ടിട്ടില്ല. എന്നാൽ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജെഡിഎസ്. കക്ഷിനേതാവായി എച്ച്. ഡി. കുമാരസ്വാമിയെ ജെഡിഎസ് തെരഞ്ഞെടുത്തു. അതിനിടെ കുതിരക്കച്ചവടത്തിന് കളമൊരുങ്ങുന്നെന്ന് ആരോപണമുണ്ട്. നാല് ജെഡിഎസ് എംഎൽഎമാരെയും 5 കോൺഗ്രസ് എംഎൽഎമാരെയും ബിജെപി സമീപിച്ചെന്നാണ് സൂചന.