കണ്ണൂര്‍ വഴി വരാന്‍ 70,000 പേര്‍, പക്ഷേ കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരുമ്പോഴുള്ള സജ്ജീകരണമാണ് ഒരുക്കിയത്. എന്നാല്‍, കണ്ണൂര്‍ വിമാനത്താവളത്തെ അതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തേണ്ട ആയിരക്കണക്കിന് ആളുകളുണ്ട്. രജിസ്റ്റര്‍ ചെയ്ത കേരളീയരില്‍ 69,179 പേര്‍ കണ്ണൂരില്‍ ഇറങ്ങണമെന്നാണ് താല്‍പര്യപ്പെട്ടിട്ടുള്ളത്. മറ്റിടങ്ങളില്‍ ഇറങ്ങിയാല്‍ അവരുടെ യാത്ര പ്രശ്‌നമാകും. ഇക്കാര്യവും പ്രധാനമന്ത്രിക്കയച്ച കത്തില്‍ വിശദമായി ചൂണ്ടിക്കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റ് അറിയിച്ചതനുസരിച്ച്, കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനത്തില്‍ ആളുകളെ എത്തിക്കുന്നത്. അത് വലിയ അപകടം സൃഷ്ടിക്കുന്ന രീതിയാണ്. ഒരു വിമാനത്തില്‍ ഇരുന്നൂറോളം പേരാണ് ഉണ്ടാവുക. അതില്‍ ഒന്നോ രണ്ടോ പേര്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ യാത്രക്കാര്‍ മുഴുവന്‍ പ്രശ്‌നത്തിലാകും. രാജ്യത്താകെ രോഗവ്യാപനത്തിന് ഇത് ഇടയാക്കിയേക്കും. ഇത് രാജ്യത്താകെ വരുന്ന വിമാനങ്ങള്‍ക്ക് ബാധകമായ കാര്യമാണ്. കേരളത്തില്‍ മാത്രമല്ല, എല്ലായിടങ്ങളിലും രോഗവ്യാപന സാധ്യത ഇത് വര്‍ധിപ്പിക്കും.
കേരളം പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചിട്ടയോടുകൂടിയ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാല്‍, ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരിളവും വരുത്തുന്നത് ശരിയല്ല. അത് അനുവദിക്കാനുമാവില്ല. വിദേശങ്ങളില്‍നിന്ന് ആളുകള്‍ വരുമ്പോള്‍ കോവിഡ് വ്യാപനം തടയുക എന്ന പ്രധാന ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാന്‍ നമുക്ക് കഴിയില്ല. ലോകം അംഗീകരിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. അതുകൊണ്ട് പ്രത്യേക വിമാനങ്ങളില്‍ തിരിച്ചെത്തിക്കുന്നവരെ യാത്രതിരിക്കും മുമ്പുതന്നെ പരിശോധന നടത്തണമെന്ന് കത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
നിലവില്‍ പ്രഖ്യാപിച്ച രീതിയില്‍ വിമാനങ്ങള്‍ വന്നാല്‍, നേരത്തെ പറഞ്ഞതുപോലെ ആരെയും നേരെ വീടുകളിലേക്ക് അയക്കാന്‍ കഴിയില്ല. ചുരുങ്ങിയത് ഏഴു ദിവസം ക്വാറന്റൈന്‍ വേണ്ടി വരും. വിമാനയാത്രക്കാര്‍ സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ കഴിയണം. ഏഴാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റിവ് ആയവരെ മാത്രമേ വീടുകളിലേക്ക് അയക്കാനാകൂ. പിസിആര്‍ ടെസ്റ്റിന്റെ ഫലം പിറ്റേന്ന് കിട്ടും. പോസിറ്റീവ് ഫലം വന്നാല്‍ ചികിത്സയ്ക്ക് ആശുപത്രികളിലേക്ക് അയക്കും. വീടുകളില്‍ പോകുന്നവര്‍ക്ക് തുടര്‍ന്നും ഒരാഴ്ച ക്വാറന്റൈന്‍ വീട്ടില്‍ തുടരേണ്ടി വരും.
നേരത്തേ ഇറ്റലിയില്‍നിന്നും ഇറാനില്‍നിന്നും ആളുകളെ കൊണ്ടുവന്നപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ സംഘം ആദ്യം അവിടങ്ങളിലെത്തി ടെസ്റ്റ് നടത്തിയിരുന്നു. വിമാനങ്ങളില്‍ അടച്ചിട്ട യാത്രയാണ്. വൈറസ് വ്യാപന സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് നാം ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ നേരത്തേയും ആശയവിനിമയം നടത്തിയിരുന്നു.
വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ആന്റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. രണ്ടുലക്ഷം ആന്റി ബോഡി ടെസ്റ്റ് കിറ്റിന് കേരളം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
കൊച്ചി തുറമുഖം വഴിയും പ്രവാസികളെ കൊണ്ടുവരുന്നുണ്ട്. മാലിദ്വീപില്‍നിന്ന് രണ്ടും യുഎഇയില്‍നിന്ന് ഒന്നും കപ്പലുകള്‍ ഉടന്‍ വരുമെന്നാണ് അറിയുന്നത്. അതിനാല്‍ തുറമുഖത്തും ആവശ്യമായ സജ്ജീകരണം ഒരുക്കും. ഇതുസംബന്ധിച്ച് കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. നാവികസേനാ അധികൃതരുമായി ചീഫ് സെക്രട്ടറി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.
കേന്ദ്രം കൊണ്ടുവരുന്നവരുടെ കൂട്ടത്തില്‍ മറ്റു സംസ്ഥാനക്കാരും ഉണ്ടായേക്കാം. ഉണ്ടെങ്കില്‍ അവരെ ബന്ധപ്പെട്ട സംസ്ഥാനത്തേക്ക് അയക്കും.
വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല വിദേശത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കുക. അവരുടെ ജില്ലയിലെ സ്വന്തം പ്രദേശങ്ങള്‍ക്ക് അടുത്തുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇത്തരം സൗകര്യങ്ങളുള്ള രണ്ടരലക്ഷം കിടക്കകള്‍ക്കുള്ള സൗകര്യം കണ്ടെത്തിയിട്ടുണ്ട്. അതില്‍ 1.63 ലക്ഷം കിടക്കകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കാന്‍ പര്യാപ്തമാണ്. ബാക്കിയുള്ളവ പൂര്‍ണ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വികേന്ദ്രീകൃതമായ ക്വാറന്റൈന്‍ സംവിധാനമാണ് ഉണ്ടാവുക. ഒഴിഞ്ഞുകിടക്കുന്ന വീടുകളും വേണ്ടി വന്നാല്‍ ക്വാറന്റൈനാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.