വീണ്ടും ബാങ്ക് തട്ടിപ്പ്: എസ്.ബി.ഐയിൽ നിന്നും കനിഷ്‌ക് ഗോൾഡ് തട്ടിയത് 842 കോടി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയിലും വായ്പാ തട്ടിപ്പ് നടന്നതായി പരാതി. ചെന്നൈ ആസ്ഥാനമായ കനിഷ്‌ക് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 14 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും 824 കോടി വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്നാണ് പരാതി. ഇത് സംബന്ധിച്ച് ബാങ്കിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച ജ്വല്ലറി ഉടമകളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതായും സി.ബി.ഐ വ്യക്തമാക്കി.

ഭൂപേഷ് കുമാർ ജെയിൻ, ഭാര്യ നീത ജെയിൻ എന്നിവരാണ് കമ്പനിയുടെ ഡയറക്ടർമാർ. 2007ലാണ് 14 ബാങ്കുകളുടെ കൺസോർഷ്യം ഇവർക്ക് ബാങ്ക് വായ്പ നൽകിയത്. 2017 മാർച്ച് മുതൽ വായ്പാ തിരിച്ചടവ് മുടങ്ങി. ജ്വല്ലറി ഓഫീസിലും ഉടമകളുടെ വീട്ടിലുമെത്തിയെങ്കിലും ബാങ്ക് അധികൃതർക്ക് ഇവരെ കണ്ടെത്താനായില്ല. കമ്പനിയുടമകളെ ബന്ധപ്പെടാനുള്ള ശ്രമങ്ങളും വിജയിക്കാതെ വന്നതോടെയാണ് ബാങ്ക് പരാതിയുമായി എത്തിയത്. ആയിരം കോടി രൂപയ്ക്ക് മുകളിൽ കമ്പനി ബാങ്കുകൾക്ക് തിരിച്ചടയ്ക്കാനുണ്ട്. എന്നാൽ ബിസിനസിൽ നഷ്ടം നേരിട്ടതിനെത്തുടർന്ന് 2017 മെയിൽ കനിഷ്‌ക് ഗോൾഡ് കമ്പനി അടച്ചുപൂട്ടിയെന്നാണ് മദ്രാസ് ജ്വല്ലേഴ്സ് ആന്റ് ഡയമണ്ട്സ് മെർച്ചന്റ്സ് അസോസിയേഷൻ പറയുന്നത്.