സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കഥ സിനിമയാക്കുന്നു; സംവിധാനം കമൽ, തിരക്കഥ സെബാസ്റ്റ്യൻ പോൾ

തിരുവനന്തപുരം: പത്രസ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂട പ്രതികാരത്തിന്റെ കേരളത്തിലെ ആദ്യത്തെ ഇരയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കഥ സിനിമയാക്കുന്നു. സംവിധായകൻ കമലാണ് ചിത്രം ഒരുക്കുന്നത്. കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമവിമർശകനുമായാ ഡോ.സെബാസ്റ്റ്യൻ പോൾ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നെയ്യാറ്റിൻകരയിലെ കൂടില്ലാവീട്ടിൽ നിന്നും ആരംഭിച്ച മാധ്യമ ചരിത്ര യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കവെ ഡോ.സെബാസ്റ്റ്യൻ പോൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളസിനിമയുടെ പിതാവായ ജെ സി ഡാനിയലിന്റെയും മലയാള പത്രപ്രവർത്തത്തിന്റെ പിതാവായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും ജന്മനാട്ടിൽ വച്ചു നടന്ന ചടങ്ങിൽ ജെ സി ഡാനിയലിന്റെ ബയോപിക് സെല്ലുലോയ്ഡ് സംവിധാനം ചെയ്ത കമൽ തന്നെ സ്വദേശാഭിമാനിയുടെയും ബയോപിക്കും സംവിധാനം ചെയ്യുമെന്ന് സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി.

1910 സെപ്റ്റംബര്‍ 26-നാണ് സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന കെ.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലംതിരുനാള്‍ നാടുകടത്തിയത്. രാജഭരണകാലത്ത് ദിവാനായിരുന്ന സി.പി.രാജഗോപാലാചാരി നടത്തിയ അധാര്‍മികതയ്‌ക്കെതിരേ സ്വദേശാഭിമാനി പത്രത്തിലൂടെ പ്രതികരിച്ചതിനാണ് നാടുകടത്തിയത്.

തിരുവിതാംകൂറില്‍നിന്നു നാടുകടത്തപ്പെട്ട സ്വദേശാഭിമാനി പിന്നീട് കണ്ണൂരിലെത്തുകയും 1916 മാര്‍ച്ച് 28-നു മരിക്കുകയുമായിരുന്നു. 1878 മേയ് 25-നാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനിച്ചത്. നരസിംഹന്‍പോറ്റിയുടെയും ചക്കിയമ്മയുടെയും മകനായി അരംഗമുകളിലെ കൂടില്ലാവീട്ടിലായിരുന്നു ജനനം.