മണിയുടെ മരണ ശേഷം സിനിമക്കാര്‍ തിരിഞ്ഞുനോക്കിയില്ല- സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍

സിനിമാരംഗത്ത് നിന്ന് താങ്ങും തണലുമായി നിന്നത് സംവിധായകന്‍ വിനയന്‍ മാത്രമാണെന്നും സിനിമാരംഗത്തുള്ളവര്‍ മണിയുടെ മരണശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലെന്നും കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.

‘സിനിമാരംഗത്ത് നിന്ന് ആകെ അന്നും നിന്നും താങ്ങും തണലുമായി നില്‍ക്കുന്നത് സംവിധായകന്‍ വിനയന്‍ മാത്രമാണ്. ബാക്കി സിനിമാ താരങ്ങള്‍ മരണ ശേഷം വീട്ടില്‍ വന്നു പോയി എന്നല്ലാതെ രണ്ട് വര്‍ഷത്തിനിടെ ആരും വിളിക്കുക പോലും ചെയ്തില്ല. കേസിന്റെ കാര്യങ്ങളെ കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല. കുടുംബത്തിന് താങ്ങായി നിന്നത് വിനയന്‍ സര്‍ മാത്രമാണ്’.

‘സിബിഐ അന്വേഷവും കേസുമായി ബന്ധപ്പെട്ട് ഒപ്പം നില്‍ക്കുന്നത് ആരാധകരായുള്ള സംഘടനകള്‍ മാത്രമാണ്. അവരുടെ സഹായം കൊണ്ടു മാത്രമാണ് ഞങ്ങള്‍ കേസുമായി മുന്നോട്ടുപോവുന്നത്. അവരുടെ പിന്തുണയാണ് ഞങ്ങളുടെ കുടുംബത്തെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്’, ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു

സംശയമുള്ള സാഹചര്യങ്ങളും വിവരങ്ങളും സിബിഐയുമായി പങ്ക് വെച്ചിട്ടുണ്ട്.കോടതി വിധിയിലൂടെ നേടിയെടുത്ത സിബിഐ അന്വേഷണമായതിനാല്‍ അതിന്റെ അപ്‌ഡേഷന്‍ കോടതിയിലൂടെ മാത്രമാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് പറയാന്‍ കഴിയില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാരണമാണ് മരണം അസ്വാഭാവികമാണ് എന്ന് തങ്ങള്‍ പറയാന്‍ കാരണമെന്നും ജ്യേഷ്ഠന്റെ മരണം സംഭവിച്ച ദുഃഖത്തില്‍ വെറുതെ പറഞ്ഞതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.