അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് കിടന്നയാളെ സ്വന്തം വാഹനത്തില്‍ കയറ്റി; ഓട്ടോറിക്ഷയില്‍ പൊതുപരിപാടിയ്ക്ക് പോയി..ജനഹൃദയം കവര്‍ന്ന് കടകംപള്ളി

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നയാള്‍ക്ക് രക്ഷകനായെത്തിയത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പരിക്കേറ്റ് കിടന്നയാളെ തന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലാക്കിയതിന് ശേഷമാണ് മന്ത്രി ഓട്ടോറിക്ഷയില്‍ പൊതുപരിപാടിക്കു പോയത്.ബാലാവകാശ കമ്മിഷന്‍ ജീവനക്കാരന്‍ പൂവച്ചല്‍ സ്വദേശി ആല്‍ഫ്രഡിനാണ് അപകടത്തില്‍ പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം നടന്നത്. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റിനടുത്തുള്ള പുന്നന്‍ റോഡില്‍ വിവരാവകാശ കമ്മിഷന്‍ ഓഫീസിനു സമീപം ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുകയായിരുന്നു. ആ സമയത്താണ് മന്ത്രി കടംപള്ളി സുരേന്ദ്രന്‍ അത് വഴി കനകക്കുന്നിലേക്ക് പോയത്. പ്രളയദുരന്തബാധിതര്‍ക്കായുള്ള സാധനങ്ങള്‍ ശേഖരിച്ച കേന്ദ്രങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി നിശാഗന്ധിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനാണ് മന്ത്രി പോയത്. പരിക്കേറ്റ് റോഡില്‍ കിടക്കുന്ന ആല്‍ഫ്രഡിനെ മന്ത്രി പുറത്തിറങ്ങി സ്വന്തം വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇതുമാത്രമല്ല തന്റെ ഗണ്‍മാനെ ഒപ്പം ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് മന്ത്രി ഓട്ടോറിക്ഷയില്‍ കനകക്കുന്നിലേക്കു പോയത്.

 

എതു വാഹനമാണ് ഇടിച്ചിട്ടതെന്നു തിരിച്ചറിഞ്ഞിട്ടില്ല. റോഡിലേക്കു തെറിച്ചുവീണ ആല്‍ഫ്രഡിനു തലയ്ക്കാണ് പരിക്കേറ്റത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിനോടു നിര്‍ദേശിച്ചിട്ടുണ്ട്.