ഭക്തരെന്ന വ്യാജേന നിലയ്ക്കലിലേക്ക് പോകണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി, ശബരിമല കലാപഭൂമിയാക്കാനാണോ ശ്രമമെന്ന് ശ്രീധരന്‍ പിള്ളയോട് ചോദ്യം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നിലയ്ക്കലില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്ശ്രീധരന്‍ പിള്ളയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ശ്രീധരന്‍പിള്ളയുടെ ആഹ്വാനം കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന് മന്ത്രി ചോദിച്ചു. ശ്രീധരന്‍പിള്ള വ്യാജപ്രചരണം നടത്തുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അല്ലയോ ശ്രീധരന്‍പിള്ളേ, എന്താണ് നിങ്ങളുടെ പരിപാടി എന്ന് ചോദിച്ചുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രന്‍ പിഎസ്.ശ്രീധരന്‍ പിള്ളയെ വിമര്‍ശിക്കാന്‍ ആരംഭിച്ചത്. ഭക്തരെന്ന വ്യാജേന ഇരുമുടിക്കെട്ടിന് സമാനമായ സഞ്ചിയേന്തി മാലയുമിട്ട് രണ്ട് പേര്‍ വീതമായി വേണം നിലയ്ക്കലിലേക്ക് പോകാനെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്കിയിരിക്കുന്ന ശബ്ദസന്ദേശം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരിച്ചത്.

‘സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതാണോ സംസ്ഥാനസര്‍ക്കാര്‍ ചെയ്ത തെറ്റ്. വിധിക്ക് ആധാരമായ കേസ് നടത്തിയത് ആര്‍എസ്എസ് ആണെന്ന് ബിജെപി മറച്ചുവയ്ക്കുകയാണ്. നിലയ്ക്കലില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടാക്കിയതും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അല്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അത്തരം അക്രമകാരികളെ ഉദ്ദേശിച്ചാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. അത് ഭക്തരെ ഉദ്ദേശിച്ചല്ല’ മന്ത്രി പറഞ്ഞു.

ആചാരത്തെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. ബിജെപി തന്നെ കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയാല്‍ മതി. കേന്ദ്രസര്‍ക്കാരും പാര്‍ലമെന്റും ബിജെപിയുടെ കയ്യിലാണല്ലോ. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന് ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കഴിയാത്തത്. കലാപ ആഹ്വാനത്തിന് ശ്രമിക്കുന്നതിലും നല്ലതല്ലേ മോദിജിയോട് സംസാരിച്ച് ഒറ്റവരി ഓര്‍ഡിനന്‍സ് ഇറക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചാല്‍ ഓര്‍ഡിനന്‍സ് ഇറക്കാനാകില്ലെന്ന് ശ്രീധരന്‍ പിള്ളയ്ക്ക് അറിയാവുന്നതല്ലേ എന്നും മന്ത്രി ചോദിച്ചു.