കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാൻ ഗൂഢാലോചന നടന്നതിന്റെ സൂചന ലഭിച്ചതിനാലാണ് ഇടപെട്ടതെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയിൽ കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാൻ ഗൂഢാലോചന നടന്നതിന്റെ സൂചന ലഭിച്ചതിനാലാണ് ഇടപെട്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സന്നിധാനത്ത് വൻ കലാപത്തിനുള്ള നീക്കം നടന്നുവെന്നും സ്ഥിതിഗതികൾ മനസിലാക്കിയാണ് ഇടപെടലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളെ മുൻനിർത്തി പ്രതിഷേധം നടത്തിയതുകൊണ്ടാണു പിന്‍വാങ്ങിയതെന്നു തെലുങ്കു മാധ്യമപ്രവർത്തക കവിതയുംരഹ്ന ഫാത്തിമയും പറഞ്ഞു. അവകാശം സംരക്ഷിക്കാൻ വേണ്ടി കുട്ടികളെ ബുദ്ധിമുട്ടിക്കാൻ തയാറല്ല. പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും കവിത വ്യക്തമാക്കി. കുട്ടികളെ പ്രശ്നത്തിലാക്കരുതെന്നു കരുതിയാണു മലയിറങ്ങാൻ തീരുമാനിച്ചതെന്ന് രഹ്ന ഫാത്തിമയും പറഞ്ഞു. അയ്യപ്പനെ കാണാനാണ് ഇരുമുടിക്കെട്ടുമായി മല കയറിയത്. സാധിച്ചില്ല. ഇരുമുടിക്കെട്ട് ഇവിടെ ഉപേക്ഷിക്കുകയാണ്. തന്റെ ജീവനും കുടുംബത്തിനും സ്വത്തിനും ഭീഷണിയുണ്ടെന്നും രഹ്ന പറഞ്ഞു.

ശബരിമലയിലെ ക്രമസമാധാനം തകര്‍ക്കരുതെന്നു ഡിജിപി ലോക്നാഥ് ബെഹ്റയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവര്‍ണര്‍ പി.സദാശിവം അറിയിച്ചു. ക്രമസമാധാന നില, ഇപ്പോൾ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍, ഭാവിയില്‍ സ്വീകരിക്കാന്‍ ഇടയുള്ള കാര്യങ്ങൾ എന്നിവയാണു ഗവര്‍ണർ ഡിജിപിയോടു ചോദിച്ചത്. ഒരുകാരണവശാലും ശബരിമലയിൽ ക്രമസമാധാന പ്രശ്നമുണ്ടാകരുതെന്നു ഗവർണർ നിര്‍ദേശിച്ചു.