കാലാ എത്താന്‍ വൈകും; മറ്റ് സിനിമകള്‍ക്കുവേണ്ടി റിലീസ് നീട്ടി

രജനികാന്ത് നായകനാകുന്ന കാലായുടെ റിലീസ് ഡേറ്റ് നീട്ടി. തമിഴില്‍ റിലീസ് കാത്തിരിക്കുന്ന മറ്റ് ചിത്രങ്ങള്‍ക്കുവേണ്ടിയാണ് കാലായുടെ തീയതി മാറ്റിയതെന്നാണ് അണിയറപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്.

മാര്‍ച്ച് ഒന്നുമുതല്‍ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസര്‍ കൗണ്‍സില്‍ സമരത്തിലാണ്. ഡിജിറ്റല്‍ സര്‍വ്വീസ് കമ്പനികള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനെതിരെയാണ് ഈ സമരം. ഇതോടുകൂടി സെന്‍സറിംഗ് കഴിഞ്ഞ പല സിനിമകളുടെയും റിലീസിംഗ് നീണ്ടുപോകുകയായിരുന്നു.

75 കോടിരൂപയാണ് കാലായുടെ നിര്‍മ്മാണച്ചെലവ്. കബാലിക്ക് ശേഷം രജനികാന്ത് പാ രഞ്ജിത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചിത്രമാണ് കാലാ. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് കാലാ കരികാലയില്‍ സൂപ്പര്‍സ്റ്റാര്‍ അവതരിപ്പിക്കുന്നത്. അന്തരിച്ച അധോലോക നേതാവ് ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് വിവാദങ്ങളുണ്ടായെങ്കിലും അണിയറ പ്രവര്‍ത്തകര്‍ നിഷേധിക്കുകയായിരുന്നു.