ഷാനിമോളുടെ തോൽവി പരിശോധിക്കാൻ പാർട്ടി സമിതി; രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട്

SHANIMOL USMAN STATE PRESIDENT MAHILA CONGRESS (AT A FUNCTION AT KOLLAM) PIX--RAJAN M THOMAS

തിരുവനന്തപുരം: ആലപ്പുഴയില്‍ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയം അന്വേഷിക്കാന്‍ കെപിസിസി സമിതിയെ നിയോഗിച്ചു. മുന്‍ എംപി കെ.വി തോമസാണ് സമിതിയുടെ അധ്യക്ഷൻ. പരാജയത്തില്‍ പാര്‍ട്ടിയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് സമിതി പരിശോധിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

പി.സി വിഷ്ണുനാഥ്, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ആലപ്പുഴയില്‍ ചില അടിയൊഴുക്കുകളാണ് ഷാനിമോളുടെ പരാജയത്തിന് പിന്നിലെന്ന് പാര്‍ട്ടി പ്രാഥമികമായി വിലയിരുത്തിയിരുന്നു. പാര്‍ട്ടി വോട്ടുകളില്‍ ഒരു പങ്ക് മറിച്ചുനല്‍കിയതാണ് ഷാനിമോള്‍ തോല്‍ക്കാന്‍ കാരണമെന്നും ആരോപണം ഉണ്ടായിരുന്നു.

19 സ്ഥാനാര്‍ഥികളും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ പതിനായിരം വോട്ടിന് ഷാനിമോള്‍ മാത്രമാണ് പരാജയപ്പെട്ടത്. തന്റെ തോല്‍വി പാര്‍ട്ടി തന്നെ പരിശോധിക്കട്ടെ എന്നായിരുന്നു ഷാനിമോളുടെയും പ്രതികരണം.