വിദേശയാത്ര: മന്ത്രി കെ.രാജു ചുമതല കൈമാറിയത് മുഖ്യമന്ത്രിയറിയാതെ

തിരുവനന്തപുരം: പ്രളയത്തിനിടെ വിദേശയാത്ര നടത്തിയ മന്ത്രി കെ.രാജു ദുരിതാശ്വാസ ചുമതല മന്ത്രി പി.തിലോത്തമന് മുഖ്യമന്ത്രി അറിയാതെയാണ് കൈമാറിയതെന്ന് ആരോപണം. ഒരു മന്ത്രിയുടെ ചുമതല കൈമാറുമ്പോള്‍ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കണമെന്ന നിബന്ധനയും മന്ത്രി പാലിച്ചില്ല. സ്വന്തം ലെറ്റര്‍ പാഡിലാണ് മന്ത്രി പി.തിലോത്തമന് ചുമതല കൈമാറിയത്.

കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞാണ് ജര്‍മ്മനിക്ക് പോകുന്നത്. ഈ സമയത്ത് സമയത്ത് വലിയ പ്രകൃതി ക്ഷോഭമുണ്ടായിരുന്നില്ല. ജര്‍മ്മിനിയില്‍ ചെന്ന് കഴിഞ്ഞപ്പോളാണ് പ്രളയത്തെക്കുറിച്ചുള്ള അറിയിപ്പ് കിട്ടുന്നത്.അപ്പോള്‍ തന്നെ വരാനുള്ള പരിശ്രമം തുടങ്ങി. താന്‍ തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നുമാണ് ഇന്നലെ മന്ത്രി പറഞ്ഞത്. എന്നാല്‍ കോട്ടയത്ത് നന്ന സ്വാതന്ത്യദിന പരേഡില്‍ സംസാരിക്കവേ മന്ത്രി തന്നെ മഴയുടെ കാഠിന്യത്തെക്കുറിച്ച് പറയുന്നുണ്ട്.

മന്ത്രി കെ.രാജുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് താന്‍ ചെയ്തതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രി തിരിച്ചെത്തിക്കഴിഞ്ഞാല്‍ തുടര്‍നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കാനം പറഞ്ഞത്.