മുസ്‌ലിം സ്ത്രീകൾ പെറ്റു കൂട്ടും, സ്റ്റെറിലൈസ് ചെയ്യണം; കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നു

ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ പശ്ചാത്തലത്തിലുള്ള വംശീയ അധിക്ഷേപം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ ആര്‍ ഇന്ദിരയ്ക്കെതിരെ ശക്തമായ പ്രതിഷേധം. അസമിലെ ദേശീയ പൗരത്വ പട്ടികയിൽ നിന്ന് പത്തൊൻപത് ലക്ഷത്തോളം പേര്‍ പുറത്തായതിന്‍റെ പശ്ചാത്തലത്തിൽ മുസ്ലിം സ്ത്രീകളെ ഉൾപ്പെടെ അപകീർത്തിപ്പെടുത്തും വിധത്തിൽ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തതാണ് വിവാദമായത്.

പോസ്റ്റ് വിദ്വേഷം പടർത്തുന്നതാണെന്ന് വ്യക്തമാക്കി പരാതികളും ഇതിനോടകം സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ദളിത് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ രേഖ രാജ്, അഭിഭാഷകനായ ശ്രീജിത്ത് പെരുവണ്ണ തുടങ്ങിയവരാണ് പരാതി നൽകിയിട്ടുള്ളത്.

വിദ്വേഷ പ്രചരിപ്പിക്കുന്ന പോസ്റ്റിന്റെ പശ്ചാത്തലത്തിൽ കെ ആർ ഇന്ദിരയ്ക്ക് എതിരെ സൈബർ സെല്ലിൽ ഓൺലൈൻ ആയി പരാതി നൽകിയെന്നാണ് രേഖരാജ് പറയുന്നത്. ഔദ്യോഗികമായ പ്രതികരണത്തിനായി കാത്തിരിക്കുന്നെന്നും ഇക്കാര്യം വ്യക്തമാക്കി രേഖ രാജ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.