മുരളീധരന്‍ യുഡിഎഫ് കണ്‍വീനറായേക്കും; കെ.പി.സി.സി പ്രസിഡന്റാകാൻ മുല്ലപ്പള്ളി

തിരുവനന്തപുരം: കെ മുരളീധരൻ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് എത്തിയേക്കും. ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തിൽ പൂർണ്ണ പിന്തുണയാണ് ഉള്ളത്. പി ജെ കുര്യനെതിരേയുളള യുവനേതാക്കളുടെ വിമര്‍ശനം ഗൗരവമേറിയതെന്ന വിലയിരുത്തലിലാണ് നേതൃത്വം. പുതിയ കെ.പി.സി.സി അധ്യക്ഷനായുളള ചര്‍ച്ചകള്‍ പുരോഗമിക്കവെ മുല്ലപ്പളളി രാമചന്ദ്രനാണ് നറുക്ക് വീഴാൻ സാധ്യത എന്നാണു റിപോർട്ടുകൾ.

ഘടകകക്ഷി നേതാക്കളുമായുളള മികച്ചബന്ധവും സമുദായങ്ങള്‍ക്കപ്പുറം സ്വീകാര്യതയുമുളള കെ.മുരളീധരനെ കണ്‍വീനറാക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലീലാണ് ഹൈക്കമാന്‍ഡ്. കേരളത്തില്‍ യു.ഡി.എഫിനെ നയിക്കാന്‍ കോണ്‍ഗ്രസില്‍നിന്നും ശക്തനായ നേതാവ് വേണം എന്ന് തന്നെയാണ് നേതൃത്വത്തിന്റെ നിലപാട്.

കെ മുരളീധരന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നൽക്കുന്നതിൽ ഏ.കെ.ആന്റണിക്ക് യോജിപ്പെന്നാണ് സൂചന. മുസ്ലീംലീഗ്, കേരളാ കോണ്‍ഗ്രസ് എന്നിവര്‍ക്കു സ്വീകാര്യനെന്നതും മുരളിക്ക് അനുകൂലഘടകമാണ്. ഇക്കാര്യത്തില്‍ സമുദായ പരിഗണന കണക്കിലെടുക്കേണ്ടെന്ന നിലപാടു ഹൈക്കമാന്‍ഡ് സ്വീകരിക്കും. ഗ്രൂപ്പുകളുടെ കടുംപിടുത്തത്തിനു രാഹുല്‍ വഴങ്ങില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടെങ്കിലും തത്കാലം മാറ്റില്ല.

അതേസമയം രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിലുളള കുര്യന്റെ പ്രവര്‍ത്തനത്തില്‍ പല ദേശീയ നേതാക്കളും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയിലെ യുവ നേതാക്കളുടെ വിമര്‍ശനം ഗൗരവമേറിയതെന്ന വിലയിരുത്തലിലാണ് നേതൃത്വം.