കെ എം മാണി അന്തരിച്ചു

കൊച്ചി: കേരള രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 4.57-നാണ് മരിച്ചത്. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നോടെ സ്ഥിതി വീണ്ടും വഷളായി. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വൃക്കയുടെ പ്രവർത്തനവും കുറഞ്ഞതോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട് നടക്കും.

1964-ൽ കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോൾ മുതൽ കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ.എം.മാണിക്ക് കേരള രാഷ്ട്രീയത്തിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1965-ലെ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്നും ആദ്യമായി വിജയം നേടിയ മാണി പിന്നെ മരണം വരെ എംഎൽഎയായി തുടർന്നുവെന്നത് അത്യപൂർവമായ റിക്കാർഡാണ്. തുടർച്ചയായി 13 തവണയാണ് മാണി പാലായിൽ നിന്നും നിയമസഭാംഗമായത്. നിയമസഭാ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ 2017-ൽ നിയമസഭ ആദരിക്കുകയും ചെയ്തിരുന്നു.