വിരമിക്കല്‍ ദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചില്‍ ഇരിക്കാനില്ലെന്ന് ചെലമേശ്വര്‍

ഡൽഹി: വിരമിക്കല്‍ ദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിലിരിക്കാനുള്ള അവസരം വേണ്ടെന്നുവച്ച് ജസ്റ്റിസ് ചെലമേശ്വര്‍. മുതിര്‍ന്ന ജഡ്ജിമാര്‍ വിരമിക്കുന്നതിന് മുമ്പുള്ള അവസാന തൊഴില്‍ ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കുന്നത് കീഴ് വഴക്കമാണ്.

സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പ് വേണ്ടെന്നുവച്ചതിന് പിന്നാലെയാണ് ചെലമേശ്വറിന്റെ ഈ തീരുമാനം. വിരമിക്കല്‍ ദിവസം തന്റെ പതിവ് കോടതിയായ രണ്ടാം കോടതിയില്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനൊപ്പമാകും ചെലമേശ്വര്‍ ഇരിക്കുക.

സുപ്രിം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞാല്‍ സീനിയോറിറ്റിയില്‍ രണ്ടാമത് വരുന്നത് ചെലമേശ്വറാണ്. ഈ വെള്ളിയാഴ്ചയാണ് ചെലമേശ്വറിന്റെ വിരമിക്കല്‍ ദിവസം. ചെലമേശ്വറിന്റെ ഔദ്യോഗിക വിരമിക്കല്‍ തിയതി ജൂണ്‍ 22നാണ് എന്നാല്‍ കോടതി വേനലവധിയ്ക്ക് അടയ്ക്കുന്നതിനാല്‍ അവസാന തൊഴില്‍ ദിനം ഈ വെള്ളിയാഴ്ചയാണ്.

സുപ്രിം കോടതി നടപടികളെ വിമര്‍ശിച്ചുകൊണ്ട് കോടതി നടപടികള്‍ നിറുത്തിവച്ച് വാര്‍ത്താസമ്മേളനം വിളിച്ച നാല് കൊളീജിയം ജഡ്ജിമാരില്‍ ഒരാളാണ് ചെലമേശ്വര്‍. സുപ്രിം കോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു അത്. ജസ്റ്റിസ് ലോയയുടെ ദുരൂഹമരണമടക്കമുള്ള കേസുകള്‍ ചീഫ് ജസ്റ്റിസ് കൈകാര്യം ചെയ്യുന്നതിനെയും അവര്‍ വിമര്‍ശിച്ചിരുന്നു. ജസ്റ്റീസ് ചെലമേശ്വര്‍ ഉള്‍പ്പെടുന്ന ബെഞ്ചിനെ നിരാകരിച്ചുകൊണ്ടും ഇദ്ദേഹത്തെ ഭരണഘടാ ബെഞ്ച് അടക്കമുള്ള പല സുപ്രധാന ബെഞ്ചുകളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുമുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാടുകള്‍ ഏറെ പ്രതിഷേധത്തിനും വഴി വച്ചിരുന്നു.