ജസ്റ്റിസ് കെ.എം.ജോസഫിന്റെ സീനിയോരിറ്റി തരംതാഴ്ത്തിയതില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചെങ്കിലും ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ സംഭവം വലിയ പ്രതിഷേധത്തിനിടയാക്കി. കേന്ദ്രസര്‍ക്കാരിനെതിന്റേതാണ് തരംതാണ നടപടി. സുപ്രീംകോടതി ജഡ്ജിമാരായി എത്തുന്ന ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്കുശേഷമാണ് ജസ്റ്റിസ് ജോസഫിന്റെ പേരുള്ളത്. ഈ വിഷയത്തില്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ തിങ്കളാഴ്ച പ്രതിഷേധമറിയിക്കും. നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ പറയുന്നു. ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് ആവശ്യപ്പെടും.

ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും കൊളിജിയം പേര് നിര്‍ദ്ദേശിച്ചിരുന്നു.

കൊളീജിയം നിലപാടില്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്ന് ശുപാര്‍ശ കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വന്നു. അതാണ് നിയമം. ജോസഫിന്റെ പേര് നിര്‍ദ്ദേശിച്ചതിനുശേഷമാണ് ഇന്ദിരാ ബാനര്‍ജിയുടെയും വിനീത് ശരണിന്റെയും പേര് കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇവര്‍ക്കു ശേഷമായാണ് ജോസഫിനെ പരിഗണിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ.