കെവിൻ വധക്കേസിൽ‌ വിധി ഇന്ന്; പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കോട്ടയം:കെവിൻ വധക്കേസിലെ ശിക്ഷാവിധിയിൻ മേലുള്ള വാദം ഇന്ന്. കഴിഞ്ഞദിവസം ദുരഭിമാനക്കൊലയെന്ന് വിധിച്ച ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയടക്കം 10 പ്രതികൾ കുറ്റക്കാരാണെന്നും കണ്ടെത്തിയിരുന്നു. നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ ഉൾപ്പെടെ നാല്‌ പ്രതികളെ കുറ്റവിമുക്തരാക്കി. ശിക്ഷ സംബന്ധിച്ച വാദമാണ് ശനിയാഴ്ച നടക്കുക. ശിക്ഷയെ സംബന്ധിച്ച് പ്രതികൾക്ക് പറയാനുള്ളതും കോടതി കേൾക്കും. പ്രതികളുടെ അഭിഭാഷകരുടെയും േപ്രാസിക്യൂഷന്റെയും വാദം കേട്ടശേഷമാകും വിധി പ്രസ്താവിക്കുക.

നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ ആണ് കെവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി. നിയാസ് മോൻ, ഇഷാൻ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ സജ്ജാദ്, എൻ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാൻ എന്നിവരാണ് മറ്റു പ്രചതികൾ. എല്ലാ പ്രതികള്‍ക്കെതിരെയും കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ട് പോയി വിലപേശല്‍, കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ദുരഭിമാനക്കൊലയായി പരിഗണിച്ച് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി മൂന്നുമാസംകൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. നീനുവിനെ താഴ്ന്ന ജാതിക്കാരനായ കെവിൻ വിവാഹം കഴിച്ചതിൽ കുടുംബത്തിനുവന്ന അപമാനമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേരളത്തിൽ ആദ്യമായാണ് ഒരു കൊലപാതകം, ദുരഭിമാനക്കൊലയെന്ന് കോടതി വിധിക്കുന്നത്.

നരഹത്യ, തട്ടിക്കൊണ്ടുപോയി വിലപേശൽ, ഗൂഢാലോചന, ഭവനഭേദനം തുടങ്ങിയ വകുപ്പുകൾപ്രകാരം വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ, കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി മധ്യവേനലവധി ഒഴിവാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. കഴിഞ്ഞയാഴ്ച വിധിപറയാൻ നിശ്ചയിച്ചിരുന്നെങ്കിലും, ദുരഭിമാനക്കൊലയിൽ വ്യക്തത വരുത്താൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, പ്രതികളുടെ പ്രായം കണക്കിലെടുത്തും സ്ഥിരം കുറ്റവാളികള്‍ അല്ലാത്തതിനാലും ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം വാദിക്കും. ശിക്ഷാ വിധിയുണ്ടായാല്‍ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. ദുരഭിമാനക്കൊലയ്ക്ക് പ്രത്യേക ശിക്ഷയില്ല. എന്നാല്‍ അത്തരം കേസുകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ നല്‍കിയ ചരിത്രമാണുള്ളത്.

വാദം തെളിയിക്കാൻ, കെവിൻറെ ഭാര്യ നീനു, ചാക്കോയുടെ അയൽവാസിയും രണ്ടാംസാക്ഷിയുമായ ലിജോ എന്നിവരുടെ മൊഴികളുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.