ആ വിഷമം അവരങ്ങ് പറഞ്ഞ് തീര്‍ത്തു; ജോയ് മാത്യുവും ഡോ.ബിജുവും ഇനി കലിപ്പിലല്ല

നടനും സംവിധായകനുമായ ജോയ് മാത്യുവും സംവിധായകന്‍ ഡോ.ബിജുവും ഇനി നല്ല ചങ്ങാതിമാര്‍..ഡോ. ബിജുവും ജോയ് മാത്യുവും തമ്മില്‍ അഞ്ച് വര്‍ഷമായി തുടരുന്ന കേസിന് ശുഭാന്ത്യം . ഫോണിലൂടെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു കാട്ടിജോയ് മാത്യുവിന് എതിരേ സംവിധായകന്‍ ഡോ. ബിജു അടൂര്‍ കോടതിയില്‍ നല്‍കിയ കേസാണ് ഒത്തുതീര്‍പ്പായത്. കോടതി ഇടപെടലില്‍ എല്ലാം പറഞ്ഞുതീര്‍ത്തതോടെ സംവിധായകരായ ഡോ. ബിജുവും സംവിധായകനും നടനുമായ ജോയ് മാത്യുവും തമ്മിലെ പിണക്കത്തിന് നല്ല ക്‌ളൈമാക്‌സ് .

2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷട്ടര്‍ എന്ന സിനിമയെ പരിഗണിച്ചില്ലെന്ന പേരില്‍ ജോയ് മാത്യു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ദേശീയ അവാര്‍ഡ് കമ്മറ്റി ജൂറി അംഗമായ ഡോ. ബിജുവിന്റെ പരാതിയില്‍ ആരോപിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി പിന്നീട് കോടതിയില്‍ എത്തുകയായിരുന്നു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെയാണ് കേസിന്റെ വിചാരണ നിശ്ചയിച്ചിരുന്നത്.

മാപ്പ് പറഞ്ഞാല്‍ കേസുമായി പോകില്ലെന്ന് ബിജു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ജോയ് മാത്യു മാപ്പ് പറയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഒത്തുതീര്‍പ്പാക്കാവുന്ന കേസാണിതെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ മാപ്പ് പറയാന്‍ ജോയ് മാത്യു തയ്യാറല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.ഇന്നലെ വിചാരണയ്ക്കായി ഇരുവരും കോടതിയില്‍ എത്തി. കേസ് പരിഗണിച്ച കോടതി ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിച്ചു കൂടെ എന്ന് ആരാഞ്ഞു. തുടര്‍ന്ന് ജോയ് മാത്യുവിന്റെ അഭിഭാഷകന്‍ അഡ്വ. ബിനോ ജോര്‍ജ്, എ.പി.പി. ബിഭു എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് കേസ് ഒത്തു തീര്‍ന്നത്. അഭിഭാഷകരുടെ സാന്നിധ്യത്തില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുകയായിരുന്നു.