താനാണ് ചെയർമാനെന്ന് കാണിച്ച് ജോസ് കെ മാണി കമ്മീഷന് കത്തയച്ചു; അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് ജോസഫ് വിഭാഗം

തിരുവനന്തപുരം: ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് എം ചെയര്‍മാനാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ജോസ് കെ മാണിക്ക് സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കെ.എ ആന്റണിയാണ് കത്തയച്ചത്.

അതേസമയം, നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്ന ധാരണയിലാണ് ജോസ് കെ മാണി വിഭാഗം. പാര്‍ട്ടി ലീഡറുടെ കസേരയില്‍ നിന്ന് പി.ജെ ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാൽ, ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി അംഗീകരിക്കില്ലെന്ന നിലപാടിലുറച്ച് പി.ജെ. ജോസഫ് വിഭാഗം. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് സ്ഥാപിച്ച് കിട്ടാന്‍ നിയമപോരാട്ടത്തിനിറങ്ങാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. അംഗങ്ങള്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുന്നതും ആലോചനയിലുണ്ട്. ഭാവി കാര്യങ്ങള്‍ ആലോചിക്കാനായി പി.ജെ. ജോസഫ് വിളിച്ച യോഗത്തില്‍ മുതിര്‍ന്ന നേതാവ് സി.എഫ് തോമസും പങ്കെടുത്തു.

സി.എഫ് തോമസിനെ യോഗത്തിലെത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് ജോസഫ് വിഭാഗം വിലയിരുത്തുന്നത്. നിയമപരമായി മുന്നോട്ട് പോയാല്‍ വിജയിക്കാന്‍ കഴിയും എന്നതാണ് ഇന്നത്തെ യോഗത്തിലുയര്‍ന്ന പൊതു വികാരം.