അന്വേഷണത്തെ രഹസ്യമായി ജോളി പിന്തുടരുന്നുണ്ടായിരുന്നു; കൊലകള്‍ തുടരുമായിരുന്നുവെന്ന സൂചന നല്‍കി എസ്‍പി

കോഴിക്കോട്: 14 വര്‍ഷം കൊണ്ട് ആറ് പേരെ കൊന്ന ജോളിയുടെ കൂടുതൽ വിവരങ്ങൾ ഞെട്ടിക്കുന്നതാകുന്നു. ജോളി ചെയ്ത എല്ലാ കൊലപാതകങ്ങളും സ്വത്തിനായിരുന്നില്ല ഒരോ കൊലപാതകം നടത്താനും ജോളിക്ക് ഒരോ കാരണങ്ങളുണ്ടായിരുന്നു. ഇവരെ ഇപ്പോള്‍ പിടിച്ചത് നന്നായി എന്നെനിക്ക് തോന്നുന്നു – ജോളിയുടെ അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ട എസ്പി കെജി സൈമണ്‍ പറഞ്ഞു.

പതിനാല് വര്‍ഷത്തിനിടെ പലതവണയായി ആളുകളെ വകയിരുത്തിയ ജോളി വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് വിലയിരുത്തുന്നു.

റോയി മരിച്ച് 16-ാം ദിനത്തിന്റെ ചടങ്ങിനായി അടിച്ച കാര്‍ഡില്‍ ജോളി എന്‍ഐടി ലക്ചറര്‍ എന്നാണ് കുറിച്ചിരുന്നത്. ലക്ചററല്ലെന്നത് ഭര്‍ത്താവിനും കുടുംബത്തിനു പോലും അറിയില്ലെന്നതു അത്ഭുതപ്പെടുത്തി. ഇതാണ് ജോളിയിലേക്ക് സംശയമുനകള്‍ ആദ്യമായി കൊണ്ടെത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍.

ജോളിയുടെ സ്വഭാവത്തിലുള്ള കുറെയധികം കാര്യങ്ങളും അന്വേഷണ സംഘം കുറിച്ചിരുന്നെന്നും കെ ജി സൈമണ്‍ പറഞ്ഞു. മാത്രമല്ല തങ്ങളുടെഅന്വേഷണത്തെ ജോളി പിന്തുടര്‍ന്നതും ശ്രദ്ധയില്‍പ്പെട്ടു . ഇതെല്ലാം അവരെ സംശയിക്കാനുള്ള സാധ്യത കൂട്ടി. തുടര്‍ന്നാണ് മൊഴിയെടുക്കാനായി അവരെ വിളിക്കുന്നത്.വില്‍പത്രം സംബന്ധിച്ച് ല്ലൊ കാര്യങ്ങളും നോക്കിയിരുന്നു. ഞങ്ങളുടെ അന്വേഷണം അവര്‍ പിന്തുടരുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇത് സംശങ്ങള്‍ ബലപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് 200ഓളം പേരുടെ മൊഴിയെടുത്തിരുന്നു. ജോളിയുടെ തന്നെ 50ഓളം മൊഴികളെടുത്തു. പോളിഗ്രാഫ് ടെസ്റ്റിനും നാര്‍കോ ടെസ്റ്റിനും അവര്‍ തയ്യാറാവാതിരുന്നതാണ് അന്വേഷണം ഇവരിലേക്ക് കേന്ദ്രീകരിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്.

സ്വത്ത് തര്‍ക്കം കുടുംബത്തിലുണ്ടായിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയിയുടെ അനുജന്‍ റോജോയുമായും സ്വത്തുതര്‍ക്കം ഉണ്ടായിരുന്നു. സ്വത്ത് തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ച നടന്നിരുന്നു. സ്വത്ത് തര്‍ക്കം രമ്യതയിലെത്തിക്കാന്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ടുള്ള പരാതി പിന്‍വലിക്കണം എന്നാണ് ജോളി ആവശ്യപ്പെട്ടത്. ഇതും സംശയത്തിനിടയാക്കി. അങ്ങനെയാണ് അറസ്റ്റിലേക്ക് കാര്യങ്ങലെത്തിക്കുന്നത്.

ദാമ്പത്യജീവിതത്തില്‍ നിലനിന്ന പ്രശ്നങ്ങളെ തുടര്‍ന്നാണ് മുന്‍ഭര്‍ത്താവായ റോയിയെ ജോളി വിഷം കൊടുത്ത് കൊന്നത്. ഈ സമയത്ത് തന്നെ റോയിയുടെ സഹോദരനും ഇപ്പോഴത്തെ ഭര്‍ത്താവുമായ ഷാജുവിനോട് ജോളിക്ക് താത്പര്യമുണ്ടായിരുന്നതായി പൊലീസ് കരുതുന്നു. റോയിയുമായുള്ള ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്ന ജോളി ഷാജുവിനെ പോലൊരു ഭര്‍ത്താവിനെ തനിക്ക് കിട്ടിയിരുന്നുവെങ്കില്‍ സമാധാനമായി ജീവിക്കാമായിരുന്നു എന്ന് പറഞ്ഞിരുന്നതായി ചിലര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷാജുവിന്‍റെ ഒന്നരവയസുകാരി മകള്‍ ആല്‍ഫിനെ ഭക്ഷണത്തില്‍ സയനൈഡ് കലക്കിയും ഒന്നര വര്‍ഷം കഴിഞ്ഞ് ഭാര്യ സിലിയെ വെള്ളത്തില്‍ സൈനൈഡ് കലക്കിയും കൊടുത്താണ് ജോളി കൊന്നത്. പിന്നീട് ജോളി തന്നെ മുന്‍കൈ എടുത്ത് നടത്തിയ നീക്കത്തിലൂടെ ഷാജുവിനെ വിവാഹം കഴിക്കുകയും ചെയ്തു.

2002-ല്‍ അന്നമ്മ തോമസ് കൊലപ്പെടുന്നതോടെയാണ് കൂടത്തായി കൊലപാതക പരമ്പരയ്ക്ക് തുടക്കാവുന്നത്. എന്നാല്‍ 2002-ന് മുന്‍പേ തന്നെ ജോളി അന്നമ്മയെ വകവരുത്താന്‍ ശ്രമം നടത്തിയിരുന്നുവെന്ന വിവരവും ഇപ്പോള്‍ പൊലീസ് പങ്കുവയ്ക്കുന്നുണ്ട്. അന്ന് വിഷബാധയേറ്റ് അവശയായ അന്നമ്മ തോമസ് ദിവസങ്ങളോളം കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴി‍ഞ്ഞിരുന്നു.

എന്നാല്‍ പല പരിശോധനകളും നടത്തിയിട്ടും അന്നമ്മയുടെ തകരാര്‍ എന്താണെന്ന് കണ്ടെത്താന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ആശുപത്രിക്കെതിരെ അന്നമ്മയുടെ ഭര്‍ത്താവ് പരാതി നല്‍കി. സത്യത്തില്‍ സയനൈഡ് ശരീരത്തിലെത്തിയതിനാലാണ് അന്നമ്മയ്ക്ക് വയ്യാതയെയാത്. അന്നമ്മയുടെ ശരീരത്തിലെ വിഷസാന്നിധ്യം കണ്ടെത്താന്‍ പക്ഷേ ആശുപത്രിയിലുള്ളവര്‍ക്ക് സാധിച്ചില്ല.

റോയ് തോമസ് മരിച്ചത് വിഷം അകത്ത് ചെന്നാണെന്ന വിവരം ഇപ്പോള്‍ പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പച്ചപ്പോള്‍ മാത്രമാണ് ഇയാളുടെ സഹോദരനടക്കമുള്ളവര്‍ അറിയുന്നത്. റോയിയുടെ മരണം ഹൃദയാഘാതം മൂലമായിരുന്നുവെന്നാണ് ഉറ്റബന്ധുക്കളടക്കം വിശ്വസിച്ചിരുന്നത്. റോയ് സയനൈഡ് കഴിച്ചാണ് മരിച്ചതെന്ന് അറിയാമായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു ജോളി പറഞ്ഞു പരത്തിയിരുന്നത്. റോയ് മരണപ്പെടുന്ന സമയത്ത് താന്‍ അദ്ദേഹത്തിനായി അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു എന്നായിരുന്നു ജോളിയുടെ മൊഴി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റോയി ഭക്ഷണം കഴിച്ച ശേഷമാണ് മരണപ്പെട്ടത് എന്ന് കണ്ടെത്തി.