ജെഎന്‍യു തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വിജയം; എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി: ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് തകര്‍പ്പന്‍ വിജയം. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് എബിവിപി. സെന്‍ട്രല്‍ പാനലിലെ 4 സീറ്റുകളിലേക്കും ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം.

വിദ്യാര്‍ഥി യൂണിയന്റെ  പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സീറ്റുകളാണ് ഇടതു സഖ്യം ജയിച്ചു കയറിയത്. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് സയന്‍സില്‍ പോലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സഖ്യം  രാജ്യം ഉറ്റുനോക്കിയ സര്‍വകലാശാലയില്‍ ജയിച്ചു കയറിയത്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായി   എന്‍ സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവര്‍ ജയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാനാകാത്ത എബിവിപി കനത്ത തിരിച്ചടിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്നത്. ജെഎന്‍യുവിനെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെയും സംഘപരിവാറിന്റേയും ശ്രമത്തിനുള്ള തിരിച്ചടിയെന്ന് വിദ്യാര്‍ത്ഥികള്‍. 6 കൗണ്‍സിലര്‍മാരുണ്ടായ എബിവിപിക്ക് 2 പേരെയെ ഇത്തവണ വിജയിപ്പിക്കാനായുള്ളു. സെന്‍ട്രല്‍ പാനലിലും എബിവിപിക്ക് കഴിഞ്ഞ തവണത്തെ വോട്ടുകള്‍ നേടാനായില്ല.