ജെഎന്‍യു വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാമ്പസിലെ ലൈബ്രറിക്ക് താഴെയുള്ള മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. എം എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഋഷി ജോഷ്വ തോമസിനെയാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.

പകൽ 12 മണിക്കാണ് സംഭവം കോളേജധികൃതർ പോലീസില്‍ അറിയിക്കുന്നത്. കാമ്പസിലെ ഇംഗ്ലീഷ് പ്രൊഫസര്‍ക്ക് ഋഷിയുടെ ആത്മഹത്യാ കുറിപ്പ് ഇമെയിലായി ലഭിച്ച ഉടന്‍ അധ്യാപകന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഋഷിയെ ഹോസ്റ്റല്‍ മുറിയില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ലൈബ്രറിക്ക് താഴെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടർന്ന് കുരുക്ക് മുറിച്ച് കാമ്പസിലെ ഡോക്ടറെത്തി പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ദീര്‍ഘകാലമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ഋഷി എന്ന് സുഹൃത്തുക്കൾ പറഞ്ഞു.