ഡി.ടി.എച്ചിനും കേബിള്‍ നെറ്റ് വര്‍ക്കിനും മുട്ടന്‍ പണിയുമായി ജിയോ ഹോം ടി.വി

നിരവധി സര്‍വീസുകള്‍ പരീക്ഷിക്കാനായി രാജ്യത്തെ ടെലികോം വിപണി പിടിച്ചടക്കിയ റിലൈന്‍സ് ജിയോ ഒരുങ്ങുകയാണ്. ജിയോ ടിവി ആപ്പിനെ പരിഷ്‌കരിച്ച് ജിയോ ഹോം ടിവി എന്ന ടെക്‌നോളജിയാണ് ഇവര്‍ പുതുതായി അവതരിപ്പിക്കുക. ഇത് രാജ്യത്തെ കേബിള്‍, ഡി.ടി.എച്ച് നെറ്റ് വര്‍ക്കുകള്‍ക്ക് കടുത്ത വെല്ലുവിളിയായിരിക്കും. ജിയോ ഹോം ടി.വി എന്ന പേരിലുള്ള പദ്ധതിയെ സംബന്ധിച്ച് ദേശീയ മാധ്യമങ്ങളില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. നിലവിലെ എല്ലാ ഡി.ടി.എച്ച്, കേബിള്‍ സങ്കല്‍പ്പങ്ങളെയും മാറ്റിമറിക്കുന്നതായിരിക്കും ജിയോ ഹോം ടി.വി എന്നത് ഉറപ്പാണ്.

ജിയോ ഹോം ടി.വി വന്നാല്‍ 500റില്‍ കൂടുതല്‍ ചാനലുകള്‍ 100 മുതല്‍ 200 രൂപയ്ക്ക് ലഭ്യമാകും. എച്ച്.ഡി ചാനലുകള്‍ക്കായി 300 മുതല്‍ 400 രൂപ വരെ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. എന്‍ഹാന്‍സ്ഡ് മള്‍ട്ടിമീഡിയ ബ്രോഡ്കാസ്റ്റ് മള്‍ട്ടികാസ്റ്റ് സര്‍വീസ് (eMBMS) എന്ന സംവിധാനത്തിലായിരിക്കും ജിയോ ഹോം ടി.വി പ്രവര്‍ത്തിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യ മാസങ്ങളില്‍ ഫ്രീ സര്‍വീസ് ആയിരിക്കാനും സാധ്യതയുണ്ട്.