മലപ്പുറത്ത് കണ്ടത് ജസ്നയെയല്ല, സമീപവാസിയുടെ മൊഴിയും രേഖപ്പെടുത്തി

മലപ്പുറം: പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ്‌നയെ മലപ്പുറം കോട്ടക്കുന്നില്‍ കണ്ടു എന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ തന്നെ അന്വേഷണം സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കോട്ടക്കുന്നില്‍ ജെസ്‌നയെ കണ്ടതായി പറഞ്ഞ സെക്യൂരിറ്റി ജീവനക്കാന്റെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. ജെസ്‌നയുടെ ഫോട്ടോ കാണിച്ചായിരുന്നു പൊലീസ് മൊഴി എടുത്തത്. എന്നാല്‍ പാര്‍ക്കില്‍വച്ച് കണ്ടത് ജെസനയെ അല്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞത്.

ജെസ്‌നയെ കണ്ടെന്ന വിവരം നല്‍കിയ സമീപവാസി ജസ്ഫറിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. മലപ്പുറം കോട്ടക്കുന്നില്‍ മെയ് മൂന്നിന് ജെസ്‌നയോട് സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു എന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരനും ജസ്ഫറും പൊലീസിനെ അറിയിച്ചത്.

മെയ് മൂന്നിന് അംഗപരിമിതരുടെ ക്യാമ്പ് കോട്ടക്കുന്ന് പാര്‍ക്കില്‍വച്ച് നടന്നിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ ജസ്ഫര്‍ ആയിരുന്നു ക്യാമ്പ് നയിച്ചിരുന്നത്. പാര്‍ക്കില്‍ ജെസ്‌നയോട് സാദൃശ്യമുള്ള ഒരു കുട്ടിയെ മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഒരു ബാഗുമായി കണ്ടെന്നാണ് ജെസ്ഫര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കൂടെ മറ്റൊരു പെണ്‍കുട്ടി ഉണ്ടായിരുന്നതായും ജസ്ഫര്‍ പറയുന്നു. മാധ്യമങ്ങളില്‍ ഫോട്ടോയടക്കം വാര്‍ത്തകള്‍ വന്നതോടെയാണ് കണ്ടത് ജെസ്‌നയെ ആണെന്ന സംശയം ഉണ്ടായതെന്ന് ജസ്ഫര്‍ പറയുന്നു.

മാര്‍ച്ച് 22 നാണ് ജെസ്‌നയെ കാണാതായത്. അതേസമയം, സംഭവത്തിലെ പൊലീസ് അന്വേഷണത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തി. തുമ്പില്ലാതെ കാട്ടിലും കടലിലും അലഞ്ഞിട്ട് കാര്യമില്ലെന്നും സൂചനകളുടെ അടിസ്ഥാനത്തിലാകണം അന്വേഷണമെന്നും കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം.