രണ്‍ജി പണിക്കര്‍ക്കും ജയരാജിനും രാജ്യാന്തര പുരസ്‍കാരം

ജയരാജിന്റെ ഭയാനകം മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അംഗീകാരം നേടി . മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം രഞ്ജി പണിക്കര്‍ക്കും തിരക്കഥാപുരസ്‌കാരം ജയരാജിനും ലഭിച്ചു. മാഡ്രിഡില്‍ നടക്കുന്ന ഇമാജിന്‍ ഇന്ത്യ ഫിലം ഫെസ്റ്റിവലിന്റെ പതിനെട്ടാം പതിപ്പിലാണ് പുരസ്‌കാരങ്ങള്‍ നേടിയത്.

തകഴിയുടെ കയര്‍ എന്ന നോവലില്‍ രണ്ടദ്ധ്യായത്തില്‍ മാത്രം കടന്നുവരുന്ന ഒരു പോസ്റ്റുമാനെ അടിസ്ഥാനമാക്കിയാണ് ജയരാജ് ഭയാനകത്തിന്റെ തിരക്കഥയെഴുതിയത്. ഒന്നാം ലോകമഹായുദ്ധത്തില്‍ പരിക്കേറ്റ ഒരു മുന്‍സൈനികന്‍ രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടുമുന്‍പായി കുട്ടനാട്ടില്‍ പോസ്റ്റുമാനായെത്തുന്നു. ആദ്യകാലത്ത് സമൃദ്ധിയുടെ സൂചനയായി മണി ഓര്‍ഡറുകളുമായി എത്തുന്ന പോസ്റ്റുമാന്‍, ക്രമേണ മരണവാര്‍ത്തകള്‍ അടങ്ങിയ ടെലിഗ്രാമുകളുടെ വാഹകനാകുന്നു. ലോകമഹായുദ്ധകാലത്തെ ഭയത്തിന്റെ പ്രതീകമായി പരിണമിക്കുന്ന പോസ്റ്റുമാനായെത്തുന്ന രഞ്ജി പണിക്കര്‍ക്കു പുറമേ ആശ ശരത് മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ്.