ശ്രുതിക്കും അനിയനും ടിവി നല്‍കി പാങ്ങോട് ജനമൈത്രി പോലീസ്

തിരുവനന്തപുരം: പൊതുസമൂഹത്തോട് അടുത്തിടപഴകി ഭവനസന്ദര്‍ശനത്തിലൂടെയും മറ്റും കൂടുതല്‍ ആശയവിനിമയം നടത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട്മനസിലാക്കി പരിഹാരം കണ്ടെത്തുകയാണ് ജനൈമൈത്രി പോലീസിന്‍റെ രീതി.അത്തരത്തിലൊരു ഭവനസന്ദര്‍ശനത്തിലാണ് തിരുവനന്തപുരം പാങ്ങോട്

ജനമൈത്രി പോലീസ് ചന്തക്കുന്ന് നാലുസെന്‍റ് കോളനിയില്‍ താമസിക്കുന്ന പത്താം ക്ലാസുകാരി ശ്രുതിയെ കാണുന്നത്.
പഠിക്കാന്‍ മിടുക്കിയായ ശ്രുതി വലിയ സങ്കടത്തിലായിരുന്നു. പത്താം ക്ലാസിലെ പാഠങ്ങളൊക്കെ ടി വിയിലൂടെ തുടങ്ങിയത് അവളറിഞ്ഞു. പക്ഷേ

വീട്ടില്‍ ടി.വി ഇല്ലാത്തതിനാല്‍ ഒന്നും കാണാനും പഠിക്കാനും കഴിഞ്ഞില്ല. തന്‍റെ സങ്കടം ക്ഷേമമന്വേഷിച്ചെത്തിയ പാങ്ങോട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി

പോലീസ് ഉദ്യോഗസ്ഥരോടും അവള്‍ പങ്കുവച്ചു. അനിയന്‍ നാലാം ക്ലാസുകാരന്‍ ശരത്തിനും പാഠങ്ങളൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല.

നിര്‍ധനരായ കുട്ടികളുടെ

സങ്കടത്തിന് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയ ബീറ്റ് ഓഫീസര്‍മാരായ ആര്‍.രഞ്ജീഷും ദിനേശ്ബാബുവും തിരികെ സ്റ്റേഷനിലെത്തി ഇന്‍സ്പെക്ടര്‍

എസ്.എച്ച്.ഒ എന്‍.സുനീഷിനെ വിവരം ധരിപ്പിച്ചു.
പിന്നെല്ലാം പെട്ടെന്ന്. തൊട്ടടുത്തദിവസം സ്റ്റേഷനിലെ മുഴുവന്‍ പോലീസുദ്യോഗസ്ഥരും നല്‍കിയ സംഭാവന ചേര്‍ത്ത് കുട്ടികള്‍ക്കായി പുതിയൊരു

ടി.വി വാങ്ങി. എം.എല്‍.എ.ഡി.കെ.മുരളി, തിരുവനന്തപുരം റൂറല്‍ എസ്.പി ബി.അശോകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാങ്ങോട് ജനമൈത്രി പോലീസ്

കുട്ടികളുടെ വീട്ടില്‍ ടി.വി എത്തിച്ചു നല്‍കി. പോലീസുദ്യോഗസ്ഥരോട് സങ്കടം പറഞ്ഞ് രണ്ടാംദിവസം വീട്ടില്‍ ടി.വിയെത്തിയ സന്തോഷത്തിലാണ് ശ്രുതിയും

അനിയന്‍ ശരത്തും.

കൊറോണ മൂലമുണ്ടായ പ്രതിസന്ധി കാരണം പുതിയ അധ്യയനവര്‍ഷത്തില്‍ സാങ്കേതിക സംവിധാനങ്ങള്‍ വഴി ആരംഭിച്ച

പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കഴിയാത്ത കുട്ടികളെ കണ്ടെത്താന്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കും ക്വാറന്‍റൈന്‍ നിരീക്ഷണത്തിനായി ഗൃഹസന്ദര്‍ശനം

നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നതായി പാങ്ങോട് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ എന്‍.സുനീഷ് പറഞ്ഞു. പാങ്ങോട്

പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത്തരത്തില്‍ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുളള പത്തിലധികം വീടുകള്‍ ഇതിനകം തന്നെ ഇവര്‍

കണ്ടെത്തിയിട്ടുണ്ട്. എല്ലാ കുഞ്ഞുങ്ങള്‍ക്കും സ്വന്തം ചെലവില്‍ ഒരു മാസത്തിനകം ടി.വി എത്തിച്ചുകൊടുക്കാനാണ് പാങ്ങോട് ജനമൈത്രി പോലീസ് ശ്രമിക്കുന്നത്.