ജി.കെയുടെ വരവ് വിശ്വരൂപനെ തെറിപ്പിക്കുമോ? ഗ്രൂപ്പ് പോരില്‍ ശ്വാസംമുട്ടി ജനം ടി.വി; റേറ്റിംഗില്‍ താഴേക്ക് പോകുന്ന ചാനല്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: ഭാരത സംസ്‌കാരത്തിന്റെ പ്രചാരണത്തിനും കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും നേരിടാനുമായി സംഘ്പരിവാര്‍ ആശിര്‍വാദത്തോടെ തുടങ്ങിയ ജനം ടി.വിയില്‍ ഗ്രൂപ്പിസവും കുതികാല്‍ വെട്ടും സജീവം. ചാനല്‍ വളരെക്കാലം നാഥനില്ലാ കളരിയായിരുന്നു. ചാനല്‍ തുടങ്ങിയകാലത്ത് രാജേഷ് പിള്ളയായിരുന്നു ചീഫ് എഡിറ്റര്‍. എം.ഡി വിശ്വരൂപനുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് രാജേഷ് പിള്ള പുറത്താകുകയായിരുന്നു. ആര്‍.എസ്.എസിന്റെ ശക്തമായ പിന്തുണ ഉണ്ടായിരുന്ന രാജേഷ് പിള്ളയെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വിശ്വരൂപനും കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ രാധാകൃഷ്ണനും ചേര്‍ന്ന് രാജേഷ് പിള്ളയെ പുകച്ചുപുറത്തു ചാടിക്കുകയായിരുന്നുവെന്നാണ് അണിയറ സംസാരം. ഇതിന് ശേഷം കോഡിനേറ്റിങ് എഡിറ്റര്‍ ആര്‍.രാധാകൃഷ്ണന്റെ ചുമതലയില്‍ ആയിരുന്നു വാര്‍ത്താവിഭാഗം .

ഇപ്പോള്‍ അമൃത ടിവിയില്‍ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന ജി.കെ.സുരേഷ് ബാബുവിനെ ചീഫ് എഡിറ്ററായി നിയമിച്ചതോടെ ജനം ടി.വിയില്‍ വീണ്ടും ഗ്രൂപ്പിസം ശക്തമായിരിക്കുകയാണ്. വാര്‍ത്താവിഭാഗത്തിന് പുത്തന്‍ ഉണര്‍വ്വ് നല്‍കുക എന്ന ഉദ്ദേശ്യത്തെടെയാണ്് ജി.കെ.സുരേഷ് ബാബുവിനെ കൊണ്ടുവന്നത്. ആര്‍എസ്എസ് താത്വികാചാര്യനായ പി.പരമേശ്വരന്റെ അനുഗ്രഹാശിസുകളോടെയാണ് ജികെ എന്നറിയപ്പെടുന്ന സുരേഷ് ബാബു ജനം ടിവിയില്‍ ചീഫ് എഡിറ്ററായി എത്തിയത്. എന്നാല്‍, പരിചയസമ്പന്നനായ ജികെ എത്തിയതോടെ, കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആര്‍.രാധാകൃഷ്ണന്‍ മാറി നില്‍ക്കുന്നുവെന്നാണ് സംസാരം. ജികെ വിളിക്കുന്ന എഡിറ്റോറിയല്‍ മീറ്റിങ്ങുകളില്‍ രാധാകൃഷ്ണന്‍ പങ്കെടുക്കാറില്ല. വിളിച്ചാല്‍ ഫോണും എടുക്കില്ല. വിശ്വരൂപനും രാധാകൃഷ്ണനും ഒരു ചേരിയായി ജി.കെ. സുരേഷ്ബാബുവിനെതിരെ പ്രവര്‍ത്തിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.

ഇതിന് പുറമേ എഡിറ്റോറിയല്‍ നയത്തില്‍ ജികെ വരുത്തിയ ചില മാറ്റങ്ങള്‍ രാധാകൃഷ്ണനും എഡിറ്റോറിയലിലെ ഒരുവിഭാഗത്തിനും ഇഷ്ടക്കേടുണ്ടാക്കിയിരിക്കുകയാണ്. എല്ലാത്തരം വാര്‍ത്തകളും ബുള്ളറ്റിനുകളില്‍ ഉള്‍പ്പെടുത്തണമെന്ന നയമാണ് ജി.കെ.സുരേഷ് ബാബു സ്വീകരിച്ചിരിക്കുന്നത്. എക്സ്‌ക്ലൂസീവുകളും, ബ്രേക്കിങ് സ്റ്റോറീസും താനറിയാതെ കൊടുക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. രാധാകൃഷ്ണന്‍ കൊണ്ടുവന്ന ഒരു ബ്രേക്കിങ് സ്റ്റോറി മാറ്റി വെച്ചത് പ്രശ്‌നം ഗുരുതരമാക്കി.
ആര്‍.എസ്.എസിന്റെ താല്‍പര്യപ്രകാരമാണ് ചീഫ് എഡിറ്ററായി ജി.കെ.സുരേഷ് ബാബുവിനെ നിയോഗിച്ചത്. എന്നാല്‍ ചാനലിലെ ഒരുവിഭാഗം ആളുകള്‍ സംഘടനയെപ്പോലും നോക്കുകുത്തിയാക്കി ഗ്രൂപ്പിസം കളിക്കുന്നത് പ്രമുഖരുടെ കസേര തെറിപ്പിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. രാജേഷ് പിള്ളയെ പുറത്താക്കരുതെന്ന നിര്‍ദ്ദേശം അവഗണിച്ച വിശ്വരൂപന്‍ ഇപ്പോള്‍ പുതിയ ചീഫ് എഡിറ്റര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നത് സംഘ്പരിവാരത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ വിശ്വരൂപന്റെ സ്ഥാനം ചാനലിന് പുറത്തേക്കാണെന്ന സൂചനകളാണ് മാതൃസംഘടനകളിലെ വിശ്വസ്ത കേന്ദ്രങ്ങള്‍ എം ഫ്‌ളിന്റ് മീഡിയയോടെ പറഞ്ഞത്.
ചാനല്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ലാല്‍ കൃഷ്ണ ഇതിനകം രാജി കത്ത് നല്‍കി കഴിഞ്ഞു. ഈ മാസം 28 ന് അദ്ദേഹം ചാനല്‍ വിടുമെന്ന് അറിയുന്നു.