കാണാതായ സ്കൂൾ വിദ്യാർത്ഥിഓവുചാലിൽ മരിച്ച നിലയിൽ; നാലു സഹപാഠികൾ കസ്റ്റഡിയിൽ

ഉദുമ (കാസർകോട്): കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിയെ കളനാട് ഓവർബ്രിഡ്‌ജിനു സമീപം റെയിൽ പാളത്തിനരികിലെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ സ്വദേശിയും മാങ്ങാട് ചോയിച്ചങ്കല്ലിൽ താമസക്കാരനുമായ ജാഫറിന്റെ മകൻ ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂൾ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ജാസിറി (15) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

അഴുകിത്തുടങ്ങിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മരണം കൊലപാതകമാണെന്ന ആരോപണം ഉയർന്നതോടെ സഹപാഠികളടക്കം നാലുപേരെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ജാസിറിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട്‌ മുതൽ കാണാനില്ലായിരുന്നു. സ്കൂളിൽ വെള്ളിയാഴ്ച നടക്കുന്ന യാത്രഅയപ്പ് പരിപാടിയിൽ പുതുവസ്ത്രം വാങ്ങാൻ പോകുന്നുവെന്നു പറഞ്ഞാണ് ജാസിർ വീട്ടിൽ നിന്ന്‌ ഇറങ്ങിയത്. ജാസിറിനെ കണ്ടെത്തുന്നതിനു ബേക്കൽ പൊലീസും ബന്ധുക്കളും വ്യാപകമായി തെരച്ചിൽ നടത്തിവരികയായിരുന്നു. ഫരീദയാണ് ജാസിറിന്റെ ഉമ്മ. സഹോദരിമാർ: ഖീത, മൊഹ്സിന (ഇരുവരും വിദ്യാർത്ഥിനികൾ).