മനോരമ പത്രാധിപര്‍ക്ക് സ്നേഹപൂര്‍വം തോമസ് ഐസക് ; മനോരമയ്ക്ക് നിഷേധാത്മക സമീപനം; വാര്‍ത്തകളില്‍ ദുര്‍വ്യാഖ്യാനങ്ങളും അവാസ്തവ വിവരങ്ങളും

പ്രളയബാധിതരെ സഹായിക്കാനുളള സാലറി ചലഞ്ചിനെതിരെ മലയാള മനോരമ ദിനപത്രത്തിന് നിഷേധാത്മക സമീപനമുണ്ടെന്ന് സംശയിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് മനോരമയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് ഐസക്ക് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

മനോരമ പത്രാധിപര്‍ക്ക് സ്നേഹപൂര്‍വമെന്ന തലക്കെട്ടില്‍ ദേശാഭിമാനി എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.സെപ്റ്റംബര്‍ എട്ട്, 16, 17,18 എന്നി ദിവസങ്ങളില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയും വിശദീകരിച്ചുമാണ് തോമസ് ഐസക്ക് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇതൊക്കെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യമാണെന്ന് വാദിക്കാം. പക്ഷേ ആ സ്വാതന്ത്ര്യത്തിലൂടെ മറനീക്കുന്നത് നിഷ്‌കളങ്കമായ വിമര്‍ശന ദൗത്യമാണോ എന്നും ഐസക്ക് ചോദിക്കുന്നു. ദുര്‍വ്യാഖ്യാനങ്ങള്‍ മാത്രമല്ല, അവാസ്തവമായ വിവരങ്ങളും വാര്‍ത്തകളില്‍ കടന്നുകൂടുകയാണെന്നും അദ്ദേഹം പറയുന്നു.

സെപ്തംബര്‍ എട്ടിന്റെ ഒന്നാം പേജ് വാര്‍ത്ത. ‘പ്രത്യേക അക്കൌണ്ട് ഇല്ല’ എന്ന് തലക്കെട്ട്. ‘വകമാറ്റി ചെലവിടലിനെക്കുറിച്ച് ആശങ്ക’ എന്ന് ബ്ലര്‍ബ്. ഉത്സവബത്ത ദുരിതാശ്വാസനിധിയിലേയ്ക്ക് മുതല്‍ക്കൂട്ടുന്നതിനായി പ്രത്യേക ട്രഷറി അക്കൌണ്ട് തുറന്നതിനെക്കുറിച്ചാണ് വാര്‍ത്ത. അതിനായി ഇറക്കിയ ഉത്തരവില്‍ ”സര്‍ക്കാര്‍ ജീവനക്കാരുടെ വിഹിതവും മറ്റു സംഭാവനകളും” എന്നു തെറ്റായി കടന്നുകൂടി. അക്കാര്യം തിരുത്തി ഉത്തരവും പുറപ്പെടുവിച്ചു.

സര്‍ക്കാരിന്റെ തെറ്റിനെക്കുറിച്ചായിരുന്നില്ല വാര്‍ത്തയും വിമര്‍ശനവും. തുക വകമാറ്റുമെന്ന് ആശങ്കയെന്ന തെറ്റായ വ്യാഖ്യാനം ചമയ്ക്കുകയായിരുന്നു ലേഖകന്‍. സിഎംഡിആര്‍എഫിലേയ്ക്കുള്ള സംഭാവന ബാങ്കുകളുടെ അക്കൌണ്ടിലാണ് എല്ലായ്പോഴും സൂക്ഷിക്കുന്നത്. അതിന്റെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പ്രത്യേക ട്രഷറി അക്കൌണ്ടിലേയ്ക്ക് ഒരു ഘട്ടത്തിലും ഈ തുക മാറ്റിയിട്ടേയില്ല. അങ്ങനെയൊരു ചരിത്രമില്ല.

ഒരു ഫോണ്‍ കോളുകൊണ്ട് ബോധ്യപ്പെടാവുന്ന കാര്യം. അതു ചെയ്യാതെ, സംഭാവന വക മാറ്റാന്‍ സാധ്യത എന്ന ധ്വനി പരത്തുകയാണ് പത്രം ചെയ്തത്. ഇത് മനപ്പൂര്‍വമായിരുന്നു എന്നു സംശയിച്ചാല്‍ തെറ്റുപറയാനാവുമോ?

സിഎംഡിആര്‍എഫ് അക്കൌണ്ടുകളിലെ നിക്ഷേപം സര്‍ക്കാരിന്റെ സഞ്ചിതനിധിയല്ലെന്നും സാധാരണ ചെലവുകള്‍ക്ക് വിനിയോഗിക്കാനാവില്ലെന്നും വ്യക്തമായിരിക്കെ, ഈ ദുര്‍വ്യാഖ്യാനത്തിന്റെ ഉന്നമെന്തായിരുന്നു? അക്കാര്യം പത്രാധിപര്‍ അന്വേഷിക്കേണ്ടതല്ലേ?

ഈ സാഹചര്യത്തിന്റെ പ്രാധാന്യം മനസിലാക്കി സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് താങ്കളുടെ പത്രത്തിന്റെ നിലപാട് പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കട്ടെ. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം. വളച്ചൊടിച്ചും വക്രീകരിച്ചും തമസ്‌കരിച്ചുമുള്ള വിമര്‍ശനം ഈ ഘട്ടത്തിലെങ്കിലും അനുചിതമാണ്. അവസരത്തിനൊത്തുയര്‍ന്ന് ഈ സംരംഭത്തെ മനോരമ പിന്തുണക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പറഞ്ഞാണ് ഐസക്ക് ലേഖനം അവസാനിപ്പിക്കുന്നത്.