ചന്ദ്രയാൻ- 2 ന് ആശംസകള്‍ നേര്‍ന്ന് ഐ എസ് ആര്‍ ഒ; ചരിത്രദൗത്യത്തിന് മണിക്കൂറുകൾ മാത്രം

ബംഗലൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-രണ്ടിന്റെ ഭാഗമായ ലാന്‍ഡര്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ അഭിമാന നേട്ടത്തിലേയ്ക്കാണ് ചുവടുവെക്കുന്നത്. ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിലെത്തിച്ച് ചരിത്രം സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെ ചന്ദ്രയാന്‍റെ യാത്രയെ ട്രോളിലൂടെ ആശംസകളറിയിച്ച് ഐ എസ് ആര്‍ ഒയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്.

ചന്ദ്രനിലെത്തുന്ന ലാന്‍ഡറിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടുള്ളതാണ് ഐ എസ് ആര്‍ ഒയുടെ ട്രോള്‍ ട്വീറ്റ്.

‘വിക്രം നിന്നോടൊപ്പമുണ്ടായിരുന്ന യാത്ര വളരെ ഗംഭീരമായിരുന്നു. എല്ലാവിധ ആശംസകളും നേരുന്നു. നീ എത്രയും വേഗം ദക്ഷിണധ്രുവത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു’, ഓര്‍ബിറ്റര്‍ ലാന്‍ഡറിനോട് പറയുന്നു. ‘ഇനി ഭ്രമണപഥത്തില്‍ കാണാ’മെന്ന് ലാന്‍ഡര്‍ മറുപടിയും നല്‍കുന്നു.

‘ഇനി ഭ്രമണപഥത്തില്‍ കാണാമെന്നുതന്നെയാണ് ഞങ്ങളുടേയും ആഗ്രഹം’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ഐ എസ് ആര്‍ ഒ ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഓര്‍ബിറ്ററും ലാന്‍ഡറും സെപ്തംബര്‍ 2നാണ് വേര്‍പെട്ടത്. സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ഒരുക്കത്തിലാണ് വിക്രം ലാന്‍ഡര്‍. രാവിലെ 6 മണിക്കുള്ളില്‍ റോവര്‍ ചന്ദ്രനിലിറങ്ങി സഞ്ചരിച്ചു തുടങ്ങുമെന്നും ഐ എസ്.ആര്‍.ഒ അറിയിച്ചു.

47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ശനിയാഴ്ച പുലര്‍ച്ചെ ലക്ഷ്യത്തിലേക്കെത്തുന്നത്. ജൂലായ് 22-നാണ് ബാഹുബലി എന്ന് വിശേഷണമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ചന്ദ്രനില്‍നിന്ന് കുറഞ്ഞദൂരമായ 45 കിലോമീറ്ററും കൂടിയദൂരമായ 101 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ (ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്ന പേടകം) സഞ്ചരിക്കുന്നത്. ഓര്‍ബിറ്റര്‍ 96-125 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റുകയാണ്.