ഇര്‍ഫാന്‍ തലച്ചോറിന് ക്യാന്‍സറെന്ന് അഭ്യൂഹം: വിശദീകരണവുമായി സുഹൃത്ത്

തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള നടൻ ഇര്‍ഫാന്‍ ഖാന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല ബോളിവുഡ്. ഒരു അപൂര്‍വ രോഗത്തിന്റെ പിടിയിലാണ് താനെന്നും രോഗം എന്താണെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ വെളിപ്പെടുത്തുമെന്നും ഇര്‍ഫാന്‍ തന്നെയാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. വിശദമായ പരിശോധനകള്‍ നടന്നുവരികയാണെന്നും ഇര്‍ഫാന്‍ വെളിപ്പെടുത്തിയിരുന്നു. വിശദമായ പരിശോധനകള്‍ നടക്കുന്നേയുള്ളൂവെന്നും അതുവരെ ആരും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇര്‍ഫാന്‍ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

എന്നാല്‍, ഗോസിപ്പ് ലോകം ഇതൊന്നും കാര്യമാക്കിയ മട്ടില്ല. ഇര്‍ഫാന്റെ വെളിപ്പെടുത്തല്‍ വന്നതുമുതല്‍ രോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ് ബോളിവുഡില്‍. ഇര്‍ഫാന് മഞ്ഞപ്പിത്തമാണെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീട് ഇര്‍ഫാന് തലച്ചോറിന് ക്യാന്‍സറാണ് എന്നായി കണ്ടെത്തല്‍. പെട്ടന്ന് വളരുന്ന ബ്രെയിന്‍ ട്യൂമറായ ഗ്രേഡ് ഫോര്‍ ഗ്ലിബ്ലാസ്റ്റോമയാണ് എന്നാണ് അഭ്യൂഹം. ക്യാന്‍സറിന്റെ ഏറ്റവും അപകടകരമായ ഒരു അവസ്ഥയാണിത്. ഇര്‍ഫന്‍ മുംബൈയിലെ കോകിലാബെന്‍ ആസ്പത്രിയില്‍ ചികിത്സയിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വേണമെന്ന് നിര്‍ബന്ധിച്ചെങ്കിലും റേഡിയേഷനും കീമോതെറാപ്പിയും മതിയെന്ന് ഇര്‍ഫന്‍ പറഞ്ഞതായുമെല്ലാമാണ് വാര്‍ത്തകൾ പ്രചരിക്കുന്നത്.

എന്നാല്‍, ഈ വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഇര്‍ഫാന്റെ സുഹൃത്തുകൾ രംഗത്തുവരുന്നുണ്ട്. ഇര്‍ഫാന്റെ ആരോഗ്യസ്ഥിതി മോശമാണ്. അതല്ലാതെ ഇപ്പോള്‍ അദ്ദേഹത്തിന്റെ രോഗത്തെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. അദ്ദേഹം ഇപ്പോള്‍ ഡെല്‍ഹിയിലാണ്. അത് മാത്രമാണ് സത്യം-കോമവ നാഹ്ത എന്ന സുഹൃത്ത് ട്വീറ്റ് ചെയ്തു.

ഇതിനിടെ ഇര്‍ഫന് സുഖാശംസകള്‍ നേര്‍ന്നുകൊണ്ട് കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.

irrfan khan

Content Highlights: irrfan khan illness rumor brain cancer Irrfan khan rare disease