ഐപിഎല്‍; ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

 

പൂനെ: ഐപിഎഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റില്‍ പരാജയപ്പെടുത്തി ചെന്നൈസൂപ്പര്‍ കിംഗ്‌സ്. ചെന്നൈ താരം അമ്പാടി റായ്ഡു സെഞ്ചുറിയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാഹാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയിരുന്നു. എന്നാല്‍ 19 ഓവറില്‍ തന്നെ ചെന്നൈ ലക്ഷ്യം മറികടന്നു.

ഏഴു വീതം ഫോറും സിക്‌സും അടിച്ച റായുഡു 62 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്നു. 57 റണ്‍സ് നേടിയ ഷെയ്ന്‍ വാട്‌സണ്‍ റണ്ണൗട്ടായി. രണ്ടു റണ്‍സു മാത്രം നേടി റെയ്‌ന പുറത്തായി. 14 പന്തില്‍ 20 റണ്‍സുമായി ധോണിയും പുറത്താകാതെ നിന്നു. സന്ദീപ് ശര്‍മ ഒരു വിക്കറ്റ് നേടി.

നാല് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 179 റണ്‍സ് നേടിയത്. അലക്‌സ് ഹെയ്ല്‍സ് 9 പന്തില്‍ രണ്ട് റണ്‍സ് നേടി ആദ്യം തന്നെ പുറത്തായി. ശിഖര്‍ ധവാന്‍ 49 പന്തില്‍ 79ഉം, കെയ്ന്‍ വില്യംസണ്‍ 39 പന്തില്‍ 51 റണ്‍സും നേടി ഹൈദരാബാദിനെ മുന്നോട്ടു നയിച്ചു. മൂന്ന് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംങ്്്‌സ്. രണ്ട് സിക്‌സും അഞ്ചു ഫോറും നേടിയായിരുന്നു വില്യംസണിന്റെ ഇന്നിംങ്‌സ്. സീസണില്‍ കിവീസ് ക്യാപ്്റ്റന്റെ ഏഴാം അര്‍ധ സെഞ്ചുറിയാണിത്.

അടുത്തടുത്ത് തന്നെ ധവാനും വില്യംസണും പുറത്തായത് ഹൈദരാബാദിന്റെ ഒഴുക്കിനെ ബാധിച്ചു. ദീപക് ഹൂഡ 11 പന്തില്‍ 21 റണ്‍സ് നേടി. 5 റണ്‍സ് മാത്രമെടുത്ത് മനീഷ് പാണ്ഡെ നിരാശപ്പെടുത്തി. ചെന്നൈക്ക് വേണ്ടി ഠാകൂര്‍ രണ്ട് വിക്കറ്റ് നേടി. ദീപക്, ചാഹര്‍, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.