ഐ പി എല്ലില്‍ വാതുവെപ്പ് സജീവം: വെളിപ്പെടുത്തലുകളുമായി അര്‍ബാസ് ഖാന്‍

മുംബൈ: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളുമായി ബോളിവുഡ് നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍ രംഗത്ത്. ശനിയാഴ്ച രാവിലെ താനെ പോലീസ് സേ്റ്റഷനില്‍ വച്ച് താരത്തെ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അഞ്ച് വര്‍ഷമായി വാതുവെപ്പില്‍ സജീവമാണെന്നും മൂന്ന് കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നും കുറ്റസമ്മതം നടത്തിയത്. ഗള്‍ഫ് കേന്ദ്രമാക്കി ചൂതാട്ട ശൃംഖല നടത്തുന്ന സോനു ജലന്‍ എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അര്‍ബാസിന്റെ പേര് പുറത്തു വന്നത്.

ഒരു നിര്‍മ്മാതാവും വാതുവെയ്പ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയും അര്‍ബാസിന്റെ മൊഴിയിലുണ്ട്. വാതുവെയ്പ് തനിക്ക് വിനോദമാണെന്നും അഞ്ചംഗ അന്വേഷണ സംഘത്തിന് മുന്നില്‍ അര്‍ബാസ് മൊഴി നല്‍കി. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് വാതുവെയ്പ്പുമായുള്ള ബന്ധം അര്‍ബാസിന് അറിയുമോ എന്നും ഖാന്റെ കുടുംബത്തിന് ഇക്കാര്യത്തില്‍ അറിവുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മറ്റൊരു നടനായ വിന്ധു ധാരാ സിങ്ങും സോനു ജലനുമായി ബന്ധപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു. ഒപ്പം അന്ധേരിയില്‍ നിന്നുള്ള വാതുവെപ്പുകാരന്‍ പ്രേം തനേജയുമായും ഇവര്‍ രണ്ടു പേര്‍ക്കും ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.

2008ലും ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് സോനു ജലനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ആഗോള ഭീകരന്‍ ദാവൂദ് ഇബ്രാഹിമുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.